KOYILANDY DIARY.COM

The Perfect News Portal

ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ചു

തിരുവനന്തപുരം: ഭൂസംരക്ഷണനിയമം ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. രാവിലെ ക്ളിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയെ കണ്ട തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന് എന്‍സിപിയുടെ ദേശീയ നേതൃത്വവുമായി ചര്‍ച്ചനടത്തിയശേഷം ഉച്ചയോടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു. വിശദാംശങ്ങള്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി .

ഭൂസംരക്ഷണ നിയമം ലംഘിച്ചുവെന്ന് വ്യക്തമാക്കുന്ന ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ രാജി അനിവാര്യമാകുകയായിരുന്നു. കുട്ടനാട് മണ്ഡലത്തില്‍നിന്നുള്ള എന്‍സിപി അംഗമാണ് തോമസ് ചാണ്ടി . എന്‍സിപിയുടെ മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ രാജിവെച്ചതോടെ കഴിഞ്ഞ ഏപ്രിലിലാണ് തോമസ് ചാണ്ടി മന്ത്രിയായത്.

തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്ബനി ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചുവെന്നാണ് ആരോപണമുള്ളത്. തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി നിയമാനുസൃതം നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഇന്നലെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഇല്ലെന്നും പരാമര്‍ശങ്ങള്‍ വാട്ടര്‍വേള്‍ഡ് കമ്ബനിക്കെതിരെയാണെന്നും കോടതി നിരീക്ഷിച്ചു. തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് 15 ദിവസത്തിനകം കലക്ടറെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Advertisements

വ്യക്തികള്‍ക്ക് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടെങ്കിലും മന്ത്രിയെന്ന നിലയില്‍ കലക്ടര്‍ക്കെതിരെ ഹര്‍ജി ഫയല്‍ചെയ്യാന്‍ തോമസ് ചാണ്ടിക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു. മന്ത്രിയെന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലാണ് ഹര്‍ജി ഫയല്‍ചെയ്തതെന്ന വാദം കോടതി നിരസിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *