നീതി മെഡിക്കൽ ഷോപ്പ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക: CPI ലോക്കൽ സമ്മേളനം

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ മാവേലി മെഡിക്കൽ ഷോപ്പ് മാറ്റാനുള്ള അധികൃതരുടെ ശ്രമം ഉപേക്ഷിക്കണമെന്ന് സി. പി. ഐ. കൊയിലാണ്ടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ദിവസേന 3000ൽ അധികം രോഗികൾ ചികിത്സക്കെത്തൂന്ന താലൂക്കാശുപത്രിയിലെ രോഗികൾക്ക് ഒട്ടുമിക്ക മരുന്നുകൾക്കും
നീതി മെഡിക്കൽ സ്റ്റോറിൽ നിന്ന് 40 ശതമാനത്തിലേറെ വിലകുറച്ചാണ് ലഭിക്കാറുള്ളത്. ഇത് രോഗികകൾക്ക് വലിയൊരാശ്വാസമാണ്. ഇത് നിർത്തലാക്കിയാൽ സാധാരണക്കാരന് വലിയ തിരിച്ചടിയാണ് ഉണ്ടാകുക.
ആശുപത്രിയുടെ ആവശ്യത്തിന് എന്ന് പറഞ്ഞാണ് മെഡിക്കൽ സ്റ്റോർ നീക്കാൻ ശ്രമം നടക്കുന്നത്. ഈ നീക്കം ഉപേക്ഷിക്കണമെന്നാണ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.

സമ്മേളനം സി. പി. ഐ. ദേശീയ സമിതി അംഗം സി. എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ചിന്നൻ നായർ, പി. കെ. സുധാകരൻ, ജില്ലാ കൗൺസിൽ അംഗം ഇ. കെ. അജിത്ത്, അഡ്വ: സുനിൽ മോഹൻ, പി. കെ. വിശ്വനാഥൻ, കെ. എസ്. രമേശ് ചന്ദ്ര, സി. ആർ മനേഷ്, എന്നിവർ സംസാരിച്ചു. പി. കെ. വിശ്വനാഥനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

