കൊയിലാണ്ടി ഹാര്‍ബര്‍ ലേലപ്പുര നിര്‍മാണo: പൈലിങ് തുടങ്ങി

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാമത്തെ ലേലപ്പുര നിര്‍മാണത്തിനായുള്ള പൈലിങ് തുടങ്ങി. വാര്‍ഫിനായി നികത്തിയ സ്ഥലത്താണ് ലേലപ്പുര നിര്‍മിക്കുന്നത്. കടലിനടിയിലേക്ക് 19 മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തിയാണ് ലേലപ്പുരയുടെ തൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത്. 19 മീറ്റര്‍ അടിയിലാണ് ഇവിടെ പാറയുള്ളത്. രണ്ടാം ഘട്ടത്തില്‍ മൊത്തം 4.75 കോടി രൂപയുടെ പ്രവൃത്തിയാണ് പുതുതായി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്.
64 കോടി രൂപയാണ് ഹാര്‍ബറിന് മൊത്തം ചെലവ്. ഇതില്‍ 47 കോടി രൂപയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായി. 4.75 കോടി രൂപയുടെ പ്രവൃത്തിയില്‍ ഒരു ലേലപ്പുര, ഓഫീസ്, കടമുറികള്‍, കാന്റീന്, ടോയ്ലറ്റ്, ചുറ്റുമതില്‍, ഗെയിറ്റ് ഹൗസ്, റോഡ്, പാര്‍ക്കിങ് ഏരിയ, ഓവുചാല്‍, മാലിന്യസംസ്കരണസംവിധാനം എന്നിവ നിര്‍മിക്കും.

രണ്ടാമതായി നിര്‍മിക്കുന്ന ലേലപ്പുരയ്ക്ക് 70 ലക്ഷം രൂപയും വാര്‍ഫിന്റെ മുന്‍വശം ആഴംകൂട്ടാന്‍ 80 ലക്ഷം, റോഡ് പാര്‍ക്കിങ് ഏരിയ എന്നിവ നിര്‍മിക്കാന്‍ 59.55 ലക്ഷം എന്നിവയാണ് അനുവദിച്ചത്. കാന്റീന്, സ്റ്റോര്‍ നിര്‍മാണത്തിന് 54.20 ലക്ഷവും, ചുറ്റുമതില്‍ നിര്‍മാണത്തിന് 48 ലക്ഷവും, അഴുക്കുചാല്‍, മലിനീകരണ പ്ലാന്റ് എന്നിവ നിര്‍മിക്കുന്നതിന് 59 ലക്ഷം, ടോയ്ലറ്റിന് 31 ലക്ഷം, ഇലക്ട്രിക്കല്‍ പ്രവൃത്തിക്ക് 11.50 ലക്ഷം എന്നിവയും അനുവദിച്ചിട്ടുണ്ട്.

