ഒള്ളൂര്‍ക്കടവ് പാലത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കുന്നു

കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കുന്നു. ഒള്ളൂര്‍ ഭാഗത്ത് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചിരുന്നു. ഇവിടെ പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യെ പങ്കെടുപ്പിച്ച് ഉടന്‍തന്നെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാനാണ് തീരുമാനം.
രണ്ടര ഏക്കറോളം സ്ഥലമാണ് പാലത്തിനായി ഒള്ളൂര്‍ക്കടവ് ഭാഗത്ത് ഏറ്റെടുക്കേണ്ടത്. ചേലിയ ഭാഗത്ത് രണ്ടേക്കറോളം സ്ഥലവും വേണം. മതിയായ നഷ്ടപരിഹാരം നല്‍കിയാല്‍ ചേലിയയില്‍ പാലത്തിനായി സ്ഥലം വിട്ടുനല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറാണ്. ചേലിയ ഭാഗത്ത് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, മറിച്ച് ഒള്ളൂര്‍ ഭാഗത്ത് 2011-ല്‍ തയ്യാറാക്കിയ അലൈന്‍മെന്റില്‍ മാറ്റംവരുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

പുതിയ അലൈന്‍മെന്റിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്ക പൊതുമരാമത്ത് വകുപ്പ് (പാലം) ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഒള്ളൂര്‍ക്കടവ് പാലത്തിന് 2009 ഓഗസ്റ്റ് 14 എട്ടരക്കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരുന്നെങ്കിലും ആവശ്യമായ ഭൂമി ഏറ്റെടുത്ത് കിട്ടാത്തതിനാലാണ് പണി തുടങ്ങാനാവാത്തത്.

