മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വികസനത്തിന് അധ്യാപകര്‍ നല്‍കുന്നു, ഒരുകോടി രൂപ

വടകര: സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട് ഒന്നായപ്പോള്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപര്‍ നോക്കിനിന്നില്ല. മുന്നില്‍ നിന്നുകൊണ്ട് ആദ്യംതന്നെ അവര്‍ പ്രഖ്യാപിച്ചു- ‘ഞങ്ങള്‍ സ്കൂളിന് ഒരുകോടി രൂപ നല്‍കും’. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഈ പ്രഖ്യാപനം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു.
ശനിയാഴ്ച സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ടി.വി. രമേശന്‍ ഒരുകോടി രൂപയുടെ ചെക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന് കൈമാറും. 119 അധ്യാപകരും 11 അനധ്യാപക ജീവനക്കാരും ചേര്‍ന്നാണ് ഒരുകോടിരൂപ നല്‍കുന്നത്. നിധിയിലേക്ക് ഒരുലക്ഷം രൂപവരെ നല്‍കിയ അധ്യാപകരുണ്ട്. സ്കൂളിന്റെ വജ്രജൂബിലി വര്‍ഷത്തിലാണ് ഈ അപൂര്‍വകൂട്ടായ്മ.

‘വിഷന്‍ 2025’ എന്ന പേരിലാണ് 10 കോടി രൂപയുടെ സ്കൂള്‍ വികസനപദ്ധതി നടപ്പാക്കുന്നത്. ഒരു കോടിരൂപ സര്‍ക്കാര്‍ വിഹിതമാണ്. മൂന്നരക്കോടി രൂപ സ്പോര്‍ട്സ് കൗണ്‍സില്‍ നിന്ന് കിട്ടും. മതില്‍, ഗേറ്റ് എന്നിവ സ്ഥാപിക്കാന്‍ പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിതുക രക്ഷിതാക്കളും നാട്ടുകാരും പി.ടി.എ.യും പൂര്‍വവിദ്യാര്‍ഥികളും മാനേജ്മെന്റ് കമ്മിറ്റിയും ചേര്‍ന്ന് സ്വരൂപിക്കും. രണ്ടുകോടി രൂപ പി.ടി.എ. സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചാനല്‍പരിപാടിയില്‍ 12.5 ലക്ഷം രൂപ നേടി വിദ്യാര്‍ഥികള്‍ പകുതിതുക സ്കൂള്‍ വികസനനിധിയിലേക്ക് നല്‍കി. മറ്റ് മത്സരപരിപാടികളിലെ വിജയികളും സമ്മാനത്തുക സ്കൂളിന് നല്‍കി മാതൃകയായി.

അഞ്ചുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും സ്മാര്‍ട്ട് ക്ലാസ് മുറികളാക്കല്‍, തീം ബേസ്ഡ് പ്രവേശനകവാടം, 2000 പേര്‍ക്ക് കൂടിച്ചേരാന്‍ കഴിയുന്ന ഓഡിറ്റോറിയം, അന്തര്‍ദേശീയ നിലവാരത്തിലുള്ള മൈതാനം, ഇന്‍ഡോര്‍ ഗെയിംസ് പരിശീലനകേന്ദ്രം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, അക്വാട്ടിക് സെന്റര്‍, വിശാലമായ ലൈബ്രറി, റീഡിങ് റൂം, സായാഹ്ന സഹവാസകേന്ദ്രം, ജൈവവൈവിധ്യ പാര്‍ക്കും കൃഷിയിടവും, ആധുനിക അടുക്കള, ഡൈനിങ് ഹാള്‍, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയം, കുടിവെള്ളപദ്ധതി, കലാപഠനം പ്രോത്സാഹിപ്പിക്കാന്‍ പരിശീലനപ്പുരകള്‍, വിശ്രമകേന്ദ്രം, സയന്‍സ് പാര്‍ക്ക്, ബസ് ബേ, സോളാര്‍ സംവിധാനം, ശാസ്ത്രീയമായ മാലിന്യസംസ്കരണം തുടങ്ങിയ പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
2025-നു മുമ്പേ എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കും. 1958-ല്‍ 18 കുട്ടികളുമായി പ്രവര്‍ത്തനം തുടങ്ങിയ സ്കൂളില്‍ ഇന്ന് 3872 കുട്ടികളുണ്ട്. വജ്രജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനവും കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ശനിയാഴ്ച നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
