KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭക്തജനങ്ങളുടെയും വിശ്വാസികളുടേയും നിയന്ത്രണത്തില്‍ മികച്ച രീതിയില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അവിടുത്തെ സ്വത്ത് കയ്യടക്കാന്‍ മാത്രമാണ്. നൂറുകണക്കിന് പൊലീസുകാരുമായി വന്ന് ആരാധനാലയം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന കാഴ്ച കേരളത്തിന് അപരിചിതമാണ്. ഭരണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച്‌ അമ്ബലം കയ്യേറാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ക്ഷേത്രങ്ങളിലെ അഴിമതിയും ധൂര്‍ത്തും ആദ്യം അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ കയ്യിലുള്ള ക്ഷേത്രങ്ങള്‍ കെടുകാര്യസ്ഥതയും അവിശ്വാസികളുടെ ഇടപെടലും മൂലം ശിഥിലമാകുന്ന അവസ്ഥയിലാണ്. ആദ്യം ആ സ്ഥിതി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

ഹൈന്ദവ ആരാധാനാലയങ്ങള്‍ മാത്രം മുട്ടു ന്യായങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടി വരും.അധികാരത്തര്‍ക്കവും ഭരണപരമായ വീഴ്ചകളും സംസ്ഥാനത്തെ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലും ഉണ്ടായിട്ടുണ്ട്. സഭാതര്‍ക്കം മൂലം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പള്ളികളും സംസ്ഥാനത്തുണ്ട്. അവിടങ്ങളിലൊന്നും പ്രശ്നപരിഹാരത്തിനായി ഏറ്റെടുക്കലിന് സര്‍ക്കാര്‍ മുതര്‍ന്നിട്ടില്ല. എന്നിരിക്കെ അമ്ബലങ്ങളെ മാത്രം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നത് ക്ഷേത്ര വിശ്വാസത്തിന്‍ മേലുള്ള കടന്നു കയറ്റമാണ്. ഭരണഘടനയുടെ 26 ആം ആര്‍ട്ടിക്കിള്‍ അനുസരിച്ച്‌ ഏത് മതസ്ഥര്‍ക്കും അവരവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും ഭരണ നിര്‍വഹണം നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്ക് മാത്രം നിഷേധിക്കുന്നത് ആശാസ്യമല്ല. തത്സ്ഥിതി തുടരാന്‍ ആവശ്യപ്പെട്ട് കോടതി വിധി നിലവിലുള്ളപ്പോള്‍ ക്ഷേത്രം കയ്യേറാന്‍ ശ്രമിക്കുന്നത് നിയമ വ്യവസ്ഥയെ അവഹേളിക്കലാണ്.

മതേതര സര്‍ക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ഒരു വിഭാഗത്തിനെ മാത്രം ദ്രോഹിക്കുന്ന നടപടികള്‍ ആവര്‍ത്തിക്കുന്നത് ബിജെപി കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *