രജിസ്‌ട്രേഷന്‍ ഇല്ലാത്ത മത്സ്യബന്ധന ബോട്ടുകളെ കണ്ടെത്താനുള്ള പരിശോധന തുടങ്ങി

കൊയിലാണ്ടി: ജില്ലയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതും പുതുക്കാത്തതുമായ മത്സ്യബന്ധന ബോട്ടുകളെ കണ്ടെത്താനുള്ള പരിശോധന തുടങ്ങി. ഫിഷറീസ് വകപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
കോഴിക്കോട് ജില്ലയില്‍ അയ്യായിരത്തോളം മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. ഇവയില്‍ പലതും ലൈസന്‍സ് പുതുക്കിയിട്ടില്ല. എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കണമെന്നാണ് ചട്ടം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന ബോട്ടുകളുമുണ്ടെന്നാണ് വിവരം. ഇത്തരം ബോട്ടുകളും വഞ്ചികളും പിടികൂടി നിയമനടപടി സ്വീകരിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന ഫിഷറീസ് അസി. ഡയറക്ടര്‍ പി.കെ. രഞ്ജിനി പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യ ബന്ധനയാനങ്ങള്‍ക്കും നടപ്പാക്കിയ ഏകീകൃത നിറം ഇല്ലാത്തവയെ പരിശോധനയില്‍ കണ്ടെത്തും.

കൊയിലാണ്ടിയില്‍ ചൊവ്വാഴ്ച നടന്ന പരിശോധനയില്‍ മറൈന്‍ എന്‍ഫോഴ്‌സ് മെന്റ് സി.ഐ. എസ്. സുജിത്ത്, എ.എസ്.ഐ.മാരായ കെ. അനില്‍ കമാര്‍, സി. സുബോധ് ലാല്‍, സി.പി.ഒ. രതീഷ് എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച ചോമ്പാല ഹാര്‍ബറിലാണ് പരിശോധന.

