ഏഷ്യൻ അത്ലറ്റിക് മീറ്റ്: മെഡൽ ജേതാക്കൾക്ക് മന്ത്രിസഭ പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏഷ്യന്‍ അത്ലെറ്റിക് ചാമ്പ്യന്‍ഷിപ്പിൽ ഇരുപത്തിയൊമ്പത് മെഡലുമായി ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ പ്രധാന പങ്ക് വഹിച്ച മലയാളി കായിക താരങ്ങൾക്ക് പ്രോത്സാഹനമായി കാഷ് അവാർഡ് നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഫെ്സ്ബുക്കിലൂടെ പ്രതികരിച്ചു.
ഇന്നത്തെ മന്ത്രിസഭാ തീരുമാനപ്രകാരം വ്യക്തിഗത ഇനത്തില്‍ വനിതകളുടെ 1500 മീറ്ററില്‍ സ്വർണം നേടിയ പി യു ചിത്രയ്ക്കും പുരുഷന്മാരുടെ 400 മീറ്ററില്‍ സ്വർണ്ണം നേടിയ മുഹമ്മദ് അനസിനും 10 ലക്ഷം രൂപ വീതം നൽകും. വെളളി നേടിയവര്‍ക്ക് 7 ലക്ഷം രൂപ വീതവും വെങ്കലം നേടിയവര്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കും. ടീമിനത്തില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് 5 ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് 3.5 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 2.5 ലക്ഷം രൂപയും അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പി യു. ചിത്രക്ക് തുടർ പരിശീലനത്തിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും സ്പോർട്സ് കൗൺസിൽ സഹായം നൽകും. താരങ്ങൾക്കും പരിശീലകർക്കും തിരുവനന്തപുരത്ത് സ്വീകരണമൊരുക്കും. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയികളാവുന്നവർക്ക് സമ്മാനത്തുകയിൽ കാലോചിതമായ പരിഷ്കരണവും നടത്തും. മലയാളിതാരങ്ങളുടെ ആവേശകരമായ ഇത്തരം നേട്ടങ്ങൾക്ക് എല്ലാ പിന്തുണയും സർക്കാർ ഭാഗത്ത് നിന്നുണ്ടാവും.
