കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനും രമേശ് ചെന്നിത്തലയും ഉണ്ടാവും

തിരുവനന്തപുരം > കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരനെ ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസ് തെറ്റുതിരുത്തി. വേദിയില്‍ ഇ ശ്രീധരനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. തൃക്കാക്കര എംഎല്‍എ പി ടി തോമസിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇ ശ്രീധരന്‍, പ്രതിപക്ഷ നേതാവ്, പി ടി തോമസ് എംഎല്‍എ എന്നിവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പട്ടിക തിരുത്തിയത്. ഉദ്ഘാടന വേദിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ പട്ടികയിലും ഇ ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുണ്ടായിരുന്നു.

സുരക്ഷാകാരണങ്ങളുടെ പേരിലാണ് ഇ ശ്രീധരനെ ഒഴിവാക്കിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍, ഇ ശ്രീധരനെ ഒഴിവാക്കിയതിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇ ശ്രീധരന്‍ ഉള്‍പ്പെടെ ഉള്ളവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചു.

പുതുക്കിയ പട്ടിക പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മന്ത്രി തോമസ് ചാണ്ടി, കെ വി തോമസ് എംപി, മേയര്‍ സൌമിനി ജെയിന്‍ എന്നിവര്‍ക്കൊപ്പം ഇ ശ്രീധരനും, രമേശ് ചെന്നിത്തലയും ഉദ്ഘാടന വേദിയിലുണ്ടാകും.

നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിപാടി പ്രകാരം 17 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. പത്ത്പേര്‍ക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു എന്നിവര്‍ക്ക് പുറമെ ഗവര്‍ണര്‍ പി സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ ഇ ശ്രീധരന്‍, കെവി തോമസ് എംപി, പി ടി തോമസ് എംഎല്‍എ, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം.
