പാര്‍ട്ടി ഓഫീസുകളില്‍ സി.സി.ടി.വി. സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി പോലീസ്

വടകര: രാഷ്ട്രീയപാര്‍ട്ടി ഓഫീസുകള്‍ക്കുനേരേ അക്രമം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഓഫീസുകളില്‍ സി.സി.ടി.വി. സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി പോലീസ് രംഗത്ത്. വടകര ഡിവൈ.എസ്.പി. കെ. സുദര്‍ശനാണ് വടകര സബ്ഡിവിഷന് പരിധിയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ മുമ്പാകെ ഇത്തരമൊരു ആവശ്യം വെച്ചത്. അനുകൂലമായ പ്രതികരണമാണ് മിക്കരാഷ്ട്രീയപാര്ട്ടി നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ വടകര മേഖലയില്‍ നടന്ന രാഷ്ട്രീയസംഘര്‍ഷത്തില്‍ വിവിധസംഘടനകളുടെ ഒമ്പത് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. സി.പി.എം., ആര്.എസ്.എസ്., ബി.ജെ.പി., മുസ്ലിം ലീഗ് എന്നീ സംഘടനകളുടേതാണ് ഈ ഓഫീസുകള്‍. ഇതില്‍ വടകരയിലെ ആര്.എസ്.എസ്. കാര്യാലയവും തിരുവള്ളൂരിലെ മുസ്ലിംലീഗ് ഓഫീസും തുടര്‍ച്ചയായി രണ്ടുതവണ ആക്രമിക്കപ്പെട്ടു.

എന്ത് രാഷ്ട്രീയസംഘര്ഷമുണ്ടായാലും ആദ്യം ആക്രമിക്കപ്പെടുന്നത് പാര്‍ട്ടികളുടെ ഓഫീസാണ്. തിരുവള്ളൂരിലെ മുസ്ലിം ലീഗ്, സി.പി.എം. ഓഫീസുകള്‍ ഇതിനു മുമ്പും പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വടകരയിലെ സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസും ഇതിനുമുമ്പ് രണ്ടുതവണ ആക്രമിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടെങ്കില്‍ ഒരു പരിധിവരെ അക്രമങ്ങള്‍ തടയാമെന്ന് പോലീസ് ചിന്തിക്കുന്നത്.

ആക്രമിക്കപ്പെട്ടാല്ത്തന്നെ ക്യാമറ നോക്കി പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നും പോലീസ് വിശ്വസിക്കുന്നു. വള്ളിക്കാട് ടി.പി. സ്മാരകസ്തൂപം തുടരെ ആക്രമിക്കപ്പെട്ടപ്പോള്‍ ഇവിടെ പോലീസ് തന്നെ സി.സി.ടി.വി. ക്യാമറ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷം കാര്യമായ അക്രമം ഇവിടെ നടന്നിട്ടില്ല.

