യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേല്‍പിച്ചു

കോഴിക്കോട്: ബേപ്പൂരിൽ മർദ്ദനമേറ്റ നിലയിൽ കണ്ട യുവാവിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ബേപ്പൂർ സ്വദേശി ശരത്തി (35)നാണ് മർദ്ദനമേറ്റത്. അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പണസംബന്ധമായ തർക്കങ്ങളായിരിക്കാം അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 9.30ഓടെ ബേപ്പൂർ ഹൈസ്കൂൾ പരിസരത്താണ് സംഭവം. ശരത്തിന് തലയ്ക്കാണ് പരിക്ക്. ഇയാൾ വീണു കിടന്നതിനു സമീപത്തു നിന്ന് ഒരു വടിവാളും ഇരുമ്പ് വടിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചതാണെന്നാണ് കരുതുന്നത്.
