സഹോദരി പുത്രിമാര്‍ കുളത്തില്‍ മുങ്ങിമരിച്ചു

അരീക്കോട്: അവധിക്കാലത്ത് മാതാവിന്റെ വീട്ടില്‍ വിരുന്നെത്തിയ സഹോദരി പുത്രിമാര്‍ കുളത്തില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അരിക്കോടാണ് സംഭവം.
അരീക്കോട് സൗത്ത് പുത്തലം പാമ്പോടന്‍ മുഹമ്മദിെന്റ മക്കളായ ഹസീനയുടെ മകള്‍ റിമ ഫാത്തിമ (ഒമ്പത്), സോഫിയയുടെ മകള്‍ ആയിശ റൂബി (ആറ്) എന്നിവരാണ് മരിച്ചത്.

കൃഷി ആവശ്യത്തിനായി വീടിന് 100 മീറ്റര്‍ അകലെ കുഴിച്ച കുളത്തില്‍ കുട്ടികളെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ കണ്ടെത്തിയത്.

ഉടന്‍ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അവിടെനിന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ മരിക്കുകയായിരുന്നു.

ദുബായിലുള്ള വണ്ടൂര്‍ കാരാട് പരുത്തിക്കുന്നന്‍ ശമീറിന്റെ മകളാണ് റിമ ഫാത്തിമ. വണ്ടൂര്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യര്‍ഥിനിയാണ്. ഊര്‍ങ്ങാട്ടിരി മൈത്ര കരീക്കുന്നന്‍ സഫ്വാന്റെ മകളാണ് ആയിശ റൂബി. പുത്തലം ഇഖ്‌റഅ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ഖബറടക്കും.
