ഉരുപുണ്യകാവ് തീരദേശ സൗന്ദര്യവൽക്കരണം: എൻ.ഐ.ടി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു
.
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് തീരദേശ സൗന്ദര്യവൽക്കരണവും സംരക്ഷണവും: എൻ.ഐ.ടി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ മൂടാടി പഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. ഉത്തരമലബാറിലെ പ്രമുഖ തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ചരിത്രപ്രസിദ്ധവും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ മൂടാടി ശ്രീ ഉരുപുണ്യകാവ് ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയത്. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT Calicut) ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ വിശദമായ മാസ്റ്റർ പ്ലാൻ റിപ്പോർട്ട് ഉരുപുണ്യകാവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിച്ചു.
.


.
” Urupunyakavu: A Sustainable Approach to the Conservation of Sacred Ecology and Heritage” എന്ന പേരിൽ, എൻ.ഐ.ടി ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ. കസ്തൂർബ എ.കെ.യുടെ മാർഗ്ഗനിർദ്ദേശത്തിലാണ് വിദഗ്ദ്ധ സംഘം ഈ സമഗ്ര റിപ്പോർട്ട് തയ്യാറാക്കിയത്. ഭാവിയിൽ കടന്നുപോകുന്ന തീരദേശ ഹൈവെ ക്ഷേത്രത്തിന് തൊട്ടടുത്തുകൂടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് മുന്നിൽക്കണ്ട്, ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലും ഭാവിയിലുണ്ടാകുന്ന വലിയ ജനത്തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാനുള്ള പാകത്തിലുമാണ് മാസ്റ്റർ പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
.

.
മാസ്റ്റർ പ്ലാനിലെ പ്രധാന നിർദ്ദേശങ്ങൾ കാപ്പാട് മോഡലിൽ തീരദേശ റോഡ് സൗന്ദര്യവൽക്കരണം: ക്ഷേത്രത്തോട് ചേർന്നുള്ള തീരദേശ റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കും. കരിങ്കൽ പാകി റോഡ് കൂടുതൽ സുരക്ഷിതമാക്കുന്നതിനൊപ്പം, കടൽത്തീര ഭംഗി ആസ്വദിക്കാൻ പാകത്തിൽ ആകർഷകമായ കാസ്റ്റ് അയൺ (Cast Iron) വേലികളും ഇരിപ്പിടങ്ങളും സ്ഥാപിക്കും. അന്താരാഷ്ട്ര ശ്രദ്ധനേടിയ കാപ്പാട് ബീച്ചിന്റെ മാതൃകയിലായിരിക്കും ആധുനിക ലൈറ്റിംഗ് സംവിധാനങ്ങളോടെ ഈ നവീകരണ പ്രവൃത്തികൾ നടപ്പിലാക്കുക.
.

.
സമഗ്രവും വിപുലവുമായ ശുദ്ധജല വിതരണ ശൃംഖല
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും വിനോദസഞ്ചാരികൾക്കും തടസ്സമില്ലാതെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി വിപുലമായ വാട്ടർ കിയോസ്കുകളും ആധുനിക വാട്ടർ പ്യൂരിഫയർ പ്ലാന്റുകളും സ്ഥാപിക്കും. തീരദേശ മേഖലയായതിനാൽ ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണത്തിനും, കിണറുകളിൽ ഉപ്പുവെള്ളം കയറാത്ത രീതിയിലുള്ള ശാസ്ത്രീയമായ റീചാർജിംഗ് സംവിധാനങ്ങൾക്കും പ്ലാനിൽ മുൻഗണന നൽകും. വലിയ ജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലും പാനീയ ജലത്തിന് ക്ഷാമമുണ്ടാകാത്ത രീതിയിൽ സംഭരണ ശേഷി ഉയർത്തും.
.
വിപുലമായ പാർക്കിംഗ് സൗകര്യം
വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിലെത്തുന്ന ഭക്തർക്കും ടൂറിസ്റ്റുകൾക്കും സുഗമമായി വാഹനം പാർക്ക് ചെയ്യുന്നതിനായി നിലവിലുള്ള പാർക്കിംഗ് ഗ്രൗണ്ട് വൻതോതിൽ വിപുലീകരിക്കും. രാത്രികാലങ്ങളിലും സുരക്ഷിതത്വം ഉറപ്പാക്കാൻ ഗ്രൗണ്ടിൽ ഹൈമാസ്റ്റ് ഉൾപ്പെടെയുള്ള മികച്ച ലൈറ്റിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തും.
.
ആധുനിക ടോയ്‌ലറ്റ് സമുച്ചയം
ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്ക് ഏറെ ആശ്വാസകരമാകുന്ന രീതിയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ ശുചിമുറി സമുച്ചയം മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നിർമ്മിക്കും. (ഇവിടേക്കാവശ്യമായ തടസ്സമില്ലാത്ത ജലലഭ്യതയും പുതിയ ശുദ്ധജല പദ്ധതിയിലൂടെ ഉറപ്പാക്കും).
.
*ശാസ്ത്രീയമായ സൈൻ ബോർഡുകൾ
വിവിധയിടങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴി എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും, ക്ഷേത്രപരിസരത്തെ സൗകര്യങ്ങൾ കൃത്യമായി അറിയുന്നതിനുമായി ആകർഷകമായ സൈൻ ബോർഡുകൾ (Sign Boards) സ്ഥാപിക്കും. മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ള വികസന-സംരക്ഷണ പ്രവർത്തനങ്ങൾ കേരള ടൂറിസം വകുപ്പിന്റെ പദ്ധതികളിലോ പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിലോ ഉൾപ്പെടുത്തി എത്രയും വേഗം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് ഹാളിൽ പ്രത്യേക ചർച്ച സംഘടിപ്പിച്ചു. യോഗത്തിൽ പഞ്ചായത്ത് ഭരണസാരഥികളും, പൗരപ്രമുഖരും, ദേവസ്വം ഭരണസമിതി ഭാരവാഹികളും പങ്കെടുത്തു.

തീരദേശ ഹൈവേയുടെ വരവോടെ വലിയൊരു ടൂറിസം-തീർത്ഥാടന കേന്ദ്രമായി ശ്രീ ഉരുപുണ്യകാവ് മാറുമെന്നും, ഇതിനാവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മാസ്റ്റർ പ്ലാനിലൂടെ മുൻഗണന നൽകുന്നതെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. മൂടാടി പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.പി അഖില, വൈസ് പ്രസിഡണ്ട് സി. ശ്രീകുമാർ, സെക്രട്ടറി, വാർഡ് കൗൺസിലർ പപ്പൻ മൂടാടി, മൂടാടി കാട്ടിൽ സത്യൻ എന്നിവരു, പി.വി. ഗംഗാധരൻ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, ക്ഷേത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ സി.കെ. വാസു മാസ്റ്റർ, ട്രസ്റ്റീ മെമ്പർമാരായ ഗോപാലകൃഷ്ണൻ നമ്പീശൻ, ബാബു യു.കെ, ഷിബു തോട്ടത്തിൽ എന്നിവരും പങ്കെടുത്തു.



