കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ക്ലോക്ക് ടവർ ട്രെയിനിന് മുകളിലേക്ക് തകർന്ന് വീണു
.
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ക്ലോക്ക് ടവർ ട്രെയിനിന് മുകളിലേക്ക് തകർന്ന് വീണു. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകർന്ന് വീണത്. രണ്ടാം പ്ലാറ്റ് ഫോമിലെ പഴയ ക്ലോക്ക് ടവറാണ് തകർന്ന് വീണത്. വലിയ പിഴവാണ് റെയിൽവെയുടെ ഭാഗത്തു നിന്നും ഉണ്ടായത്. വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രാവിലെ മുതൽ തന്നെ ഭിത്തിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടും വേണ്ട നടപടികളോ മുൻകരുതലോ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. രാവിലെ 11.10 നാണ് 150 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം തകർന്ന് വീണത്.

ഉച്ചയ്ക്ക് 2.5 ന് പുറപ്പെടേണ്ട കോഴിക്കോട് കണ്ണൂർ പാസഞ്ചറിൻ്റെ മുകളിലേക്കാണ് കെട്ടിടം തകർന്ന് വീണത്. ട്രെയിൻ ട്രാക്കിൽ നിർത്തിയിട്ടിരിക്കുകയായിരുന്നത് കൊണ്ടും പുറപ്പെടാൻ ഒരുപാട് സമയം ബാക്കിയുണ്ടായിരുന്നത് കൊണ്ടും പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി. അപകടം നടന്നതിനാൽ കോഴിക്കോട് വഴി കടന്നു പോകേണ്ടുന്ന ട്രെയിനുകൾ വൈകും എന്നാണ് വിവരം. അതേസമയം, കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശദാബ്‌ദി എക്സ്പ്രസ് കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.




