ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പത്തു വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ
.
ഇരിക്കൂർ: കണ്ണൂർ ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പത്തു വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കേസിലെ പ്രതികൾ. ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരാണ് അറസ്റ്റിലായ സ്ത്രീകൾ. പതിനാല് സംസ്ഥാനങ്ങളിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തിയിരുന്നു. 2016 ഏപ്രിൽ 30നാണ് പട്ടാപ്പകൽ കവർച്ചയ്ക്കിടെ കുഞ്ഞാമിന കൊല്ലപ്പെട്ടത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ജോലിക്ക് പോയിരുന്ന മകൻ തിരികെ വൈകിട്ട് വീട്ടിലെത്തിയപ്പോൾ കുഞ്ഞാമിനയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വയറിലും, നെഞ്ചിലും കഴുത്തിലുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19ഓളം മുറിവുകൾ കുഞ്ഞാമിനയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. ശരീരത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിൽ താമസിച്ച് വരികയായിരുന്നു സംഘം. ഇതര സംസ്ഥാനക്കാരായ പ്രതികൾ സംഭവ ദിവസം രാവിലെ 9.30ഓടെ ക്വാർട്ടേഴ്‌സ് ഒഴിഞ്ഞ് പോയിരുന്നു. മൂവരും വ്യാജ പേരും മേൽവിലാസവുമായിരുന്നു നൽകിയിരുന്നത്. കൊലപാതകത്തിന് ശേഷം ഇവർ മഹാരാഷ്ട്രയിലേക്കായിരുന്നു കടന്നത്.




