എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായവും കഞ്ചാവും പിടികൂടി

കോഴിക്കോട്: സുപ്രീംകോടതി വിധിയെതുടര്‍ന്ന് മദ്യശാലകള്‍ പൂട്ടിയ സാഹചര്യത്തില്‍ എക്സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ജില്ലയില്‍ വ്യാപകമായി റെയിഡ് നടത്തി. രണ്ട് ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയിലായി.
മുക്കം നീലേശ്വരം വില്ലേജില്‍ കുന്നന്നത്ത് പറമ്പ് തയാട്ട് വീട്ടില്‍ വിജീഷിനെയാണ് (32) എക്സൈസ് അറസ്റ്റ് ചെയ്തത്. സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിനും തുടര്‍ന്ന് വില്‍പ്പന നടത്തുന്നതിനും വേണ്ടിയാണ് ചാരായം സൂക്ഷിച്ചുവന്നത്. ഒരു മാസത്തിന് മുന്‍പ് നൂറ് ലിറ്റര്‍ വാഷ് സൂക്ഷിച്ച് വന്നതിന് ഇയാളുടെ പേരില്‍ കേസെടുത്തിരുന്നു.

കൊയിലാണ്ടി ഭാഗത്ത് ഇന്നലെ നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ വില്‍പ്പനയ്ക്കായി 60 ഗ്രാം കഞ്ചാവ് കടത്തിയ കൊയിലാണ്ടി പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മല്‍ മുഹമ്മദ് റാഫി (33)യെ പിടികൂടി. കെ.എല്‍ 56 എ 7609 ഹീറോ ഹോണ്ട സ്കൂട്ടറും പിടികൂടി.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് കഞ്ചാവ് കച്ചവടം സ്ഥിരമായി നടത്തുന്നയാളാണ് റാഫി. തമിഴ്നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവെത്തിച്ചാണ് കച്ചവടം. മുമ്ബും ഇയാള്‍ പലതവണ കഞ്ചാവ് കച്ചവടത്തിന് അറസ്റ്റിലായിട്ടുണ്ട്.

റെയ്ഡില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. ഹരിക്യഷ്ണ പിളള, എക്സൈസ് ഇന്‍സ്പെക്ടര്‍ പി. മുരളീധരന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. യൂസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനില്‍കുമാര്‍ പി.കെ, രാജു. എന്‍, വിജയന്‍ സി സജു.എസ്, മനോജ് ഒ.ടി , വനിത സിവില്‍ എക്സൈസ് ഓഫീസറായ രശ്മി എന്നിവര്‍ പങ്കെടുത്തു.
