വടകരയില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ കാല്‍കോടിയിലേറെ രൂപയുടെ നഷ്ടം

വടകര: വടകരയില്‍ ഇന്നലെ അതിരാവിലെ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടം.ക്യൂന്‍സ് റോഡില്‍ സോറോ സിക്സ് റെഡിമെയ്ഡ് ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. തുണിത്തരങ്ങള്‍ കത്തി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇന്നലെ രാവിലെ ആറേ മുക്കാലോടെയാണ് തീ ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. വിഷു പ്രമാണിച്ച് പുതിയ സ്റ്റോക്ക് എത്തിച്ചിരുന്നു. ഇതടക്കം വിലപിടിപ്പുള്ള തുണിത്തരങ്ങള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു.
ലീഡിംഗ് ഫയര്മാന് ഷമോജ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സുഹൃത്തുക്കളായ നാലു പേര് ചേര്‍ന്ന് നടത്തുന്ന സ്ഥാപനത്തിന് കാല്‍കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

