KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തിക്ക് തുടക്കമായി

കൊയിലാണ്ടി ജില്ലയിൽ കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന കൊയിലാണ്ടി പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. പൊലീസ് സ്‌റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ മുഖ്യമന്ത്രിക്കു വേണ്ടി ശിലാഫലകം അനാഛാദനം ചെയ്തു. ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായി. ഇതോടെ കാനത്തിൽ ജമീല എംഎൽഎ ആയിരിക്കുമ്പോൾ നടത്തിയ ഇടപെടലുകളിൽ ഒന്നു കൂടി പ്രവൃത്തി പഥത്തിലെത്തിയിരിക്കയാണ്.
.
.
നഗരസഭയെ കൂടാതെ ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, കീഴരിയൂർ, മൂടാടി പഞ്ചായത്തുകളും തിക്കോടി പഞ്ചായത്തിന്റെ ഒരുഭാഗവും പരിധിയുള്ളതാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ. കടൽത്തീരം, പുഴയോരം, റെയിൽവേ, ദേശീയപാത എന്നിവയെല്ലാം ഈ സ്റ്റേഷനിലെ ജോലിഭാരം കൂട്ടുന്നു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ 2006 സെപ്തംബർ 30നാണ് നിലവിലെ കെട്ടിടം പണിതത്. പിണറായി സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ കാനത്തിൽ ജമീല എംഎൽഎയുടെ ആവശ്യപ്രകാരം പുതിയ കെട്ടിടത്തിന് 3 കോടി രൂപ അനുവദിക്കുകയായിരുന്നു.
.
.
ഗ്രൗണ്ട് ഫ്ലോറടക്കം മൂന്ന്‌ നിലയിലുള്ള കെട്ടിടം 8000 ചതുരശ്ര അടിയിലാണ് നിർമിക്കുന്നത്. താഴത്തെ നിലയിൽ റിസപ്ഷൻ, വിസിറ്റേഴ്സ് ലോഞ്ച്, പിആർഒ, എസ്എച്ച്ഒയുടെ മുറി, ഇൻവെസ്റ്റിഗേഷൻ റൂം, എസ്ഐയുടെ മുറി, സ്റ്റേഷൻ റൈറ്ററുടെ മുറി, തൊണ്ടി സാധനങ്ങൾ സൂക്ഷിക്കുന്ന മുറി, ലോക്കപ്പ്, ഫീമെയിൽ ലോക്കപ്പ്, ടോയ്‌ലറ്റുകൾ തുടങ്ങിയവയെല്ലാം പ്രവർത്തിക്കും. 
ഒന്നാം നിലയിൽ വനിതകളുടേയും കുട്ടികളുടേയും പ്രത്യേക മുറി, എഎസ്ഐമാർ, സിപിഒമാരുടെ കേന്ദ്രം, റെക്കോഡ്സ് കേന്ദ്രം, സ്റ്റോർ, ഓഫീസുകൾ തുടങ്ങിയവയെല്ലാമുണ്ടാകും.
.
.
മൂന്നാം നിലയിൽ വലിയ കോൺഫറൻസ് ഹാൾ, വിശ്രമ മുറികൾ, എസ്എച്ച്ഒയുടെ വിശ്രമ മുറി അടക്കമുണ്ടാകും. 15 മാസം കൊണ്ട് പ്രവൃത്തി പൂർത്തികരിക്കണമെന്നാണ് നിർദ്ദേശം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി ഷിനിലേഷ്, നഗരസഭാ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എ സുധാകരൻ, നഗരസഭാ കൗൺസിലർ അഭിന നാരായണൻ, പോലീസ് ഓഫീസർമാരായ പ്രകാശൻ പടന്നയിൽ, വിവി ബെന്നി, കെ സി സുഭാഷ് ബാബു, ചന്ദ്രമോഹൻ, കെ പി എ സംസ്ഥാന പ്രസിഡൻ്റ് ജി പി അഭിജിത്ത്, കെ പി ഒ എ ജില്ലാ ട്രഷറർ എം രഞ്ജീഷ്, കെ പി എ ജില്ലാ സെക്രട്ടറി രജീഷ് ചെമേരി എന്നിവർ സംസാരിച്ചു. വടകര ഡിവൈഎസ്പി കെ സുനിൽ കുമാർ സ്വാഗതവും സ്റ്റേഷൻ ഓഫീസർ കെ സുമിത് കുമാർ നന്ദിയും പറഞ്ഞു.
Share news