‘ഗാന്ധിജിയെ ഓർക്കാം കേരളത്തെ കാക്കാം’; വർഗീയതയ്ക്കെതിരെ ബഹുജന സംഗമം ജനുവരി 30ന്
.
രാജ്യത്ത് എല്ലാ മേഖലകളിലും പിടിമുറുക്കുന്ന വർഗീയതയെ എതിർക്കാൻ തയ്യാറാകുകയാണ് കേരളം. വർഗീയതക്കെതിരെ ബഹുജന സംഗമം ജനുവരി 30ന് നടക്കും. എസ്എഫ്ഐ ഡിവൈഎഫ്ഐ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായാണ് ബഹുജന സംഗമം സംഘടിപ്പിക്കുന്നത്. ഗാന്ധിജിയെ ഓർക്കാം കേരളത്തെ കാക്കാം എന്ന മുദ്രാവാക്യവുമായാണ് ബഹുജന സംഗമം നടത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിലാണ് ബഹുജന മഹാസംഗമം നടത്തുക. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെട്ടു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി. പാഠപുസ്തകങ്ങളിൽ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കുന്നു.

ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉയർന്നുവരണമെന്നും വർഗീയതക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നു വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൻ്റെ നേട്ടങ്ങളെ തകർക്കാൻ ശ്രമം നടത്തുകയാണെന്ന് സിഎസ് സുജാത പറഞ്ഞു. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. അർഹമായ വിഹിതം വെട്ടിക്കുറക്കുന്നു എന്നും സി എസ് സുജാത പറഞ്ഞു.




