അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രീസ് വനംവകുപ്പിനു കൈമാറി മത്സ്യത്തൊഴിലാളികൾ
.
കൊല്ലം: അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ കോടികൾ വിലമതിക്കുമെന്നു കരുതുന്ന ആംബർഗ്രീസ് വനംവകുപ്പിനു കൈമാറി മത്സ്യത്തൊഴിലാളികൾ. കൊല്ലം തീരത്തുനിന്ന് മീൻപിടിക്കാൻപോയ ജോനകപ്പുറം ഫിഷർമെൻ കോളനിയിലെ അശോക് കുമാറിനും സംഘത്തിനുമാണ് തീരത്തുനിന്ന് 29.5 കിലോമീറ്റർ (33മാർ) അകലെ കടലിൽ ഒഴുകി നടന്ന അപൂർവമായ ആംബർ ഗ്രീസ് ലഭിച്ചത്.

നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷനിൽ എത്തിച്ച 5.09 കിലോഗ്രാം ആംബർഗ്രീസ് അഞ്ചൽ വനം റേഞ്ച് അധികൃതർ ഏറ്റുവാങ്ങി സ്‌ട്രോങ് റൂമിലേക്ക് മാറ്റി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ സാമ്പിൾ പരിശോധനയ്‌ക്ക് അയക്കും. അശോക്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള ‘അപ്പാ അമ്മ’ വള്ളത്തിൽ വ്യാഴാഴ്ച പകൽ 2.45നാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്. വലയിടുന്നതിനിടെയാണ് എന്തോ ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപെട്ടത്. പ്രദേശത്ത് രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടു.

അതോടെ ആംബർഗ്രീസാണെന്ന് ഉറപ്പിച്ച് ഫിഷറീസ് ഉദ്യോഗസ്ഥരെയും നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. തീരദേശ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ആംബർഗ്രീസ് പകൽ 10.45ന് അഞ്ചൽ വനം റേഞ്ച് അധികൃതർക്കു കൈമാറി. അശോക് കുമാറിനെ കൂടാതെ തമിഴ് നാട് സ്വദേശികളായ ഡേവിൾസ്, തമിഴ്‌മണി, രാജ, മുനിയാണ്ടി എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്.

വംശനാശഭീഷണി നേരിടുന്ന എണ്ണത്തിമിംഗിലത്തില്‍നിന്നു ലഭിക്കുന്ന ആംബര്‍ഗ്രിസ് കേരളതീരത്ത് കാണപ്പെടുന്നത് അപൂർവമെന്ന് മത്സ്യത്തൊഴിലാളികൾ. തിമിംഗിലത്തിന്റെ കുടലില്‍ ദഹിക്കാതെ കിടക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ കൂടിച്ചേര്‍ന്ന് മെഴുകുപോലെ രൂപപ്പെടുന്ന ഖര വസ്തുവാണിത്. സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നു. വന്യജീവി സംരക്ഷണനിയമ പ്രകാരമുള്ളതാണ് ആംബര്‍ഗ്രീസിനുള്ള സുരക്ഷ. 1972ലെ വനസംരക്ഷണനിയമം സെക്‌ഷൻ 51 പ്രകാരം തിമിംഗില വിസർജ്യം (ആംബര്‍ഗ്രീസ്) സൂക്ഷിക്കുന്നതും വിൽക്കുന്നതും മൂന്നുമുതൽ ഏഴുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 10,000 രൂപയിൽ കുറയാതെ പിഴയും ഒടുക്കണം.
എണ്ണത്തിമിംഗലങ്ങളുടെ പ്രധാന ആഹാരം കണവയും കൂന്തലും ആണ്. പ്രായപൂർത്തിയായ ഒരു തിമിംഗിലം ഒരു ദിവസം ഒരു ടൺവരെ കണവയെ ഭക്ഷിക്കും. എന്നാൽ, കണവയുടെ ചുണ്ട്, നാക്ക് എന്നിവ ദഹിക്കാതെ ആമാശയത്തിൽ അടിഞ്ഞുകൂടും. ഇവ ചെറുകുടലിൽ എത്തിപ്പെടും. കൂർത്ത മുനകളുള്ള ഇവ അതിലോലമായ കുടലിന്റെ ഉള്ളിൽ ഉരഞ്ഞ് അതിന്റെ അന്തസ്ഥരത്തെ (internal cell layer) പ്രകോപിപ്പിക്കാൻ തുടങ്ങും. ഇത് ഒഴിവാക്കാൻ കുടൽ കൊഴുപ്പ് അടങ്ങിയ ഒരു വസ്തുവിനെ സ്രവിപ്പിക്കും. ദഹിക്കാതെ കിടക്കുന്ന ഭാഗങ്ങളെ ഇത് കൂട്ടിയോജിപ്പിച്ച് പുറമെ മൃദുവാക്കും. ദീർഘകാലം ഇത്തരം പ്രക്രിയകൾ ആവർത്തിക്കപ്പെടും.
തുടർന്ന് മലാശയത്തിൽ നിരവധി പാളികൾ കൂട്ടിച്ചേർക്കപ്പെടുകയും ഇവ ക്രമേണ വലുതാകുകയും പിന്നീട് ആംബർഗ്രീസ് ആയി മാറുകയും ചെയ്യും. ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിൽ മാത്രമാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടുതന്നെ ആംബർഗ്രീസ് അപൂർവ വസ്തുവായി കണക്കാക്കപ്പെടുന്നു.



