‘സഹപ്രവർത്തകയുടെ ഷോളൊന്ന് മാറിയാൽ ഉണരുന്ന കാമവെറി’; കോൺഗ്രസിന്റെ വികൃതമുഖം തുറന്നു കാട്ടി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്
.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദങ്ങൾ കത്തുമ്പോൾ, കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മുൻ ഭാരവാഹിയുടെ വക ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. രാഹുലിനേക്കാൾ വലിയ ‘കാമവെറിയന്മാർ’ ഇപ്പോഴും പാർട്ടിയിലുണ്ടെന്നും, മകളുടെ പ്രായമുള്ള പെൺകുട്ടികളെപ്പോലും ഇവർ വെറുതെ വിടുന്നില്ലെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വാണി പ്രയാഗ് തുറന്നടിച്ചു.

പകൽ വെളിച്ചത്തിൽ ആദർശം പ്രസംഗിക്കുകയും രാത്രിയിൽ ഇരപിടിക്കാനിറങ്ങുകയും ചെയ്യുന്ന ‘ക്രിമിനലുകൾ’ പാർട്ടിയിൽ സുരക്ഷിതരാണെന്ന് വാണി പ്രയാഗ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ ആരോപിക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം

രാഹുലിനേക്കാൾ വലിയ പെർവേട്ടുകൾ വേറെയും ഉണ്ട് ഇവിടെ. കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. പരാതി പെട്ടിട്ടുണ്ട്. അധികാരത്തിൻ്റെ തിളക്കം കാട്ടി, ആദർശത്തിൻ്റെ വായ്ത്താരി പകൽ വെളിച്ചത്തിൽ കൊട്ടി പാടി ‘രാത്രി ഇരപിടിക്കാനിറങ്ങുന്ന ‘ ഒറ്റക്ക് കിട്ടിയാൽ കയറിപ്പിടിക്കാൻ മടിയില്ലാത്ത, മകളുടെ പ്രായമുള്ളവരെ മാത്രം തിരഞ്ഞു പിടിക്കുന്ന, സഹ പ്രവർത്തകരുടെ നെഞ്ചിലെ ഷോളൊന്നു മാറിയാൽ ലിoഗം ഉദ്ധരിക്കുന്ന കാമവെറിയന്മാർ ഒരുപാട് ഉണ്ട്.
പെട്ടു പോയ ഇടങ്ങളോർത്ത്, ആത്മാർത്ഥത പുഴുങ്ങി വിളമ്പിയ ദിവസങ്ങളോർത്ത് കാലങ്ങളായി ട്രോമയിൽ ജീവിക്കുന്ന ഒരു പാട് അതിജീവിതകൾ ഉണ്ട് ഇവിടെ. നിങ്ങൾ ഈ പറയുന്ന വിവാഹിതരും അല്ലാത്തവരും ആയവർ . സ്ത്രീപക്ഷത്തിന് ഒപ്പം നിൽക്കേണ്ടവർ തന്നെ തികച്ചും ക്രിമിനലായ ഏതോ ഒരുത്തനുവേണ്ടി സ്വയം സദാചാര വാദികളാവുമ്പോൾ ,വെല്ലുവിളിക്കുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്ന പെൺകുട്ടികൾ ഇത്തരം കുരുക്കുകളിൽ പെടുന്നതിൽ അതിശയം ഇല്ല. കാരണം ഒരേ കാരണത്താലാണ് നിങ്ങളും അവരും പെട്ടു പോയിട്ടുണ്ടാവുക. ആരാധന….യദാർത്ഥത്തിൽ “അതിജീവിതകളായി ഇരിക്കുന്നതിനേക്കാൾ
വലിയ അതിജീവനം വേറെ ഇല്ല.”
പുരുഷൻ വിവാഹശേഷം ഒരു പ്രണയത്തിൽ അകപ്പെട്ടാൽ അത് വിവാഹേതരബന്ധം. അവിടെ സ്ത്രീ ആയാൽ അവിഹിതം. പെട്ടു പോവുന്നവർക്ക് നീതി വേണം ഇവിടെ. മൂടപ്പെട്ടു പോയ ഒരു പാട് കഥകളിൽ ഒരു കഥാപാത്രമാണ് രാഹുൽ. ചികഞ്ഞാൽ ഇതിലും വികൃതമായ മുഖങ്ങൾ പുറത്ത് വരും. സംരക്ഷിക്കുന്നവർക്കും നടപടി എടുക്കാതെ പരാതികളെ ചവറ്റുകുട്ടയിലെറിഞ്ഞ് സ്വയം മാന്യരെന്ന് വിശ്വസിക്കാൻ ശ്രമിക്കുന്നവർക്കുമുള്ള ചോദ്യമാണ് ഈ കുറിപ്പ്. കരഞ്ഞു കലങ്ങിയ കണ്ണുമായി ഒന്നു മുഖമുയർത്തി നോക്കാൻ കെൽപ്പില്ലാതെ ഞാനടക്കമുള്ള ഒരു പാട് പെൺകുട്ടികൾ പരാതികളുമായി വന്നിട്ടുണ്ട്. കിട്ടിയ മറുപടികളിൽ, നീതി നിഷേധിക്കപ്പെട്ട വാക്കുകളിൽ ഒരായിരം വട്ടം ആത്മഹത്യ ചെയ്തിട്ടുണ്ട്. മകളായി കരുതേണ്ട മനുഷ്യ ജീവിയായി കരുതിയെങ്കിലും കൂടെ നിൽക്കണം.



