രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചോളൂ; ഗുണങ്ങള്‍ പലതുണ്ട്
.
വെള്ളം ശരീരത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന പതിവുള്ളവര്‍ പലരും ഉണ്ടാകും. ഏത് വെള്ളവും ഗുണകരമാണെങ്കിലും ഉണര്‍ന്നെഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് അധിക ഗുണങ്ങള്‍ നല്‍കും. ദിവസവും ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്.

മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ദിവസം മുഴുവന്‍ വെളളം കുടിക്കേണ്ടത് അത്യാവശ്യമാണെങ്കിലും രാവിലെ ചൂടുവെളളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം വര്‍ധിപ്പിക്കുകയും നാഡികളുടെ പ്രവര്‍ത്തനം, ദഹനം, ചര്‍മ്മാരോഗ്യം, വൃക്കകളുടെ പ്രവര്‍ത്തനം എന്നിവയെ പോസിറ്റീവായി ബാധിക്കുകയും ചെയ്യും.

തണുപ്പ് കുറയ്ക്കുന്നു
തണുപ്പുളള മാസങ്ങളില്‍ എഴുന്നേറ്റ ഉടനെ ചൂടുവെളളം കുടിക്കുന്നത് ശരീരത്തിന്റെ ആന്തരിക താപനില നിയന്ത്രിക്കുന്നതിലൂടെ തണുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ തണുപ്പുള്ള സമയത്ത് വ്യായാമം ചെയ്യുമ്പോള്‍ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് സുഖം തോന്നിപ്പിക്കുകയും നന്നായി വ്യായാമം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

രക്തചംക്രമണത്തെ സഹായിക്കുന്നു
ചൂടുവെള്ളം കുടിക്കുന്നത് രക്തക്കുഴലുകളെ വികസിപ്പിക്കാനും ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.
ശരീര വേദന കുറയ്ക്കുന്നു
ഒരു ഗ്ലാസ് ചൂടുവെള്ളം പേശികളെ റിലാക്‌സ് ചെയ്യിപ്പിക്കാനും ശരീരവേദന കുറയ്ക്കാനും സഹായിക്കുന്നു. പഠനങ്ങള്‍ അനുസരിച്ച് രക്ത ചംക്രമണം വര്‍ധിക്കുന്നത് ശരീര പേശികളിലേക്ക് രക്തം, പോഷകങ്ങള്‍, ഓക്‌സിജന്‍ എന്നിവ സുഗമമായി എത്തിക്കുന്നതിനും പേശിവേദനയ്ക്ക് കാരണമായ ലാക്റ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ വെള്ളം എപ്പോഴും നല്ലതാണ്. കാരണം ഇത് നിങ്ങളുടെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു. ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കാരണം ഇത് നിങ്ങളുടെ ശരീര താപനില വര്‍ധിപ്പിക്കാനും മെറ്റബോളിസം സജീവമാക്കാനും സഹായിക്കുന്നു.
മലബന്ധം ഇല്ലാതാക്കുന്നു
ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. അതിനാല്‍, രാവിലെ ആദ്യം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുമ്പോള്‍, അത് ദഹനത്തെ സജീവമാക്കുകയും മലവിസര്‍ജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. 37 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടുവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെയും മലവിസര്‍ജ്ജനത്തെയും സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
സമ്മര്‍ദ്ദം കുറയ്ക്കുന്നു
രാവിലെ ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഇത് ശാന്തത, സംതൃപ്തി, പോസിറ്റീവ് വികാരങ്ങള്‍ എന്നിവ അനുഭവിക്കാന്‍ സഹായിക്കുന്നു.



