ചരിത്രം കുറിക്കാൻ നാസ; 54 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്
.
ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം സൃഷ്ട്ടിക്കാൻ നാസയുടെ ആർട്ടിമിസ്-2 ദൗത്യം തയ്യാറെടുക്കുന്നു. 1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം നീണ്ട 54 വർഷങ്ങൾ പിന്നിടുമ്പോഴാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. ഫെബ്രുവരി ആറിന് വിക്ഷേപണം നടത്താനാണ് നാസ നിലവിൽ ലക്ഷ്യമിടുന്നത്. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നു എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.

നാലംഗ ബഹിരാകാശ സംഘമാണ് പത്ത് ദിവസം നീളുന്ന ദൗത്യത്തിൽ പങ്കാളികളാകുന്നത്. ചന്ദ്രനെ ചുറ്റിയ ശേഷം സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തും. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്.എൽ.എസ് ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. നാളെ വൈകുന്നേരത്തോടെ റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് മാറ്റുന്ന അതീവ സങ്കീർണ്ണമായ പ്രക്രിയ ആരംഭിക്കും. ഏകദേശം 10 മണിക്കൂർ വരെ ഇതിനായി വേണ്ടിവരും.

നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവർക്കൊപ്പം കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെണും ദൗത്യത്തിന്റെ ഭാഗമാകും. ക്രിസ്റ്റീന കോച്ച് ആണ് ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിതയായി ചരിത്രം കുറിക്കാൻ പോകുന്നത്. ഫെബ്രുവരി ആറിന് വിക്ഷേപണം നടന്നില്ലെങ്കിൽ ഫെബ്രുവരി പത്ത് വരെ ലോഞ്ച് വിൻഡോ ലഭ്യമാണ്. എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നേരിട്ടാൽ മാർച്ച് മാസത്തിലോ ഏപ്രിലിലോ വിക്ഷേപണം നടത്താനാണ് നാസയുടെ പ്ലാൻ.




