KOYILANDY DIARY.COM

The Perfect News Portal

അകലാപ്പുഴയുടെ ഓളപ്പരപ്പിൽ സാന്ത്വനസ്പർശം; കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയുടെ പാലിയേറ്റീവ് ദിനാചരണം ശ്രദ്ധേയമായി

                           
കൊയിലാണ്ടി: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, കൊയിലാണ്ടി നഗരസഭ ഗവ: താലൂക്ക് ഹോമിയോ ആശുപത്രിയിലെ ‘അരികെ’ പെയ്ൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ ‘കാരുണ്യ’ പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്കായി കുടുംബ സംഗമവും ബോട്ടിങ്ങ് യാത്രയും സംഘടിപ്പിച്ചു.
ജനുവരി 15-ന് സംഘടിപ്പിച്ച പരിപാടിയിൽ മുപ്പതോളം പാലിയേറ്റീവ് രോഗികളാണ് പങ്കെടുത്തത്. കൊയിലാണ്ടി നഗരസഭാ വൈസ് ചെയർപേഴ്സൺ സി. ടി ബിന്ദു  ഉദ്ഘാടനവും ബോട്ടിങ്ങ് യാത്രയുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. രോഗാവസ്ഥയുടെ പരിമിതികൾക്കിടയിലും ജീവിതത്തിന്റെ സന്തോഷം കണ്ടെത്താൻ ഇത്തരം ഒത്തുചേരലുകൾ വലിയ കരുത്തുനൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ  അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിലെ ആർ.എം.ഒ ഡോ. മുഹമ്മദ് തസ്നീം മുഖ്യപ്രഭാഷണം നടത്തി. 17-ാം വാർഡ് കൗൺസിലർ മൈഥിലി ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത രോഗികൾക്കായി ബ്ലാങ്കറ്റ് വിതരണവും നടത്തി. തുടർന്ന് നടന്ന അകലാപ്പുഴയിലെ ബോട്ടിങ്ങ് യാത്ര നവ്യാനുഭവമായി.
യാത്രയിലുടനീളം രോഗികളും ആശുപത്രി ജീവനക്കാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ യാത്രയ്ക്ക് മാറ്റുകൂട്ടി. പാട്ടും കളിയുമായി സമയം ചെലവഴിച്ച രോഗികൾ തികഞ്ഞ സംതൃപ്തിയോടെയാണ് സായാഹ്നത്തിൽ മടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ കെ. സി. സ്വാഗതവും കാരുണ്യ മെഡിക്കൽ ഓഫീസർ ഡോ. ആതിര വിശ്വനാഥൻ നന്ദിയും പറഞ്ഞു.
Share news