പുതുവത്സരത്തെ വരവേറ്റ് ശബരിമലയും; കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു
.
ശബരിമലയും പുതുവത്സരത്തെ വരവേറ്റു. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ ഫോഴ്സ്, റാപിഡ് ആക്ഷൻ ഫോഴ്സ്, മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവർഷത്തെ വരവേറ്റു. ഹാപ്പി ന്യൂ ഇയർ എന്ന് കർപ്പൂരം കൊണ്ടെഴുതി അതിനു അഗ്നി പകർന്നാണ് സന്നിധാനത്ത് പുതുവത്സരം ആഘോഷിച്ചത്. ചോക്ക് കൊണ്ട് വരച്ച അക്ഷരങ്ങളിൽ കർപ്പൂരം നിറച്ച് തുടർന്ന് കൃത്യം 12 മണിക്ക് ശബരിമലയിലെ ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എഡിജിപിഎസ് ശ്രീജിത്ത് കർപ്പൂരത്തിലേക്ക് അഗ്നി പകർന്നു. സന്നിധാനത്തെ അയ്യപ്പ ഭക്തർക്കും പുതുവത്സരാഘോഷം കൗതുകക്കാഴ്ചയായി. പുതുവത്സര ആശംസ നേർന്നും ശരണം വിളിച്ചും അവരും ആഘോഷത്തിന്റെ ഭാഗമായി.

അതേസമയം ബാലാവകാശ കമ്മീഷൻ ഇന്ന് ശബരിമല സന്ദർശിക്കും. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി മനോജ്കുമാർ, കമ്മീഷൻ അംഗങ്ങളായ ബി. മോഹൻകുമാർ, കെ. കെ ഷാജു എന്നിവരാണ് സന്നിധാനത്ത് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. കുട്ടികളുടെ ദർശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം.




