നേട്ടങ്ങളുടെ നെറുകയിൽ വിഴിഞ്ഞം; ഒരു വർഷത്തിനിടെ 160 രാജ്യങ്ങളിൽ നിന്നുമായി എത്തിയത് 664 കപ്പലുകൾ
.
പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സ്വന്തമാക്കിയത് നിരവധി രാജ്യാന്തര നേട്ടങ്ങളാണ്. ഇതിനോടകം തന്നെ രാജ്യത്തിന് മാതൃകയാകുന്ന വാണിജ്യ പ്രവർത്തനങ്ങളാണ് വിഴിഞ്ഞത്ത് നടന്നത്. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനകം 664 കപ്പലുകളാണ് ചരക്കുകയറ്റാനും ഇറക്കാനുമായി വിഴിഞ്ഞത്തേക്ക് എത്തിയത്. കണക്കാക്കിയതിനേക്കാൾ നാല് ലക്ഷം കണ്ടെയ്നറുകൾ അധികം, അതായത് 14 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യംചെയ്യാൻ ഈ സമയം കൊണ്ട് തുറമുഖത്തിന് കഴിഞ്ഞു.

160 രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾ ഇതുവരെ വിഴിഞ്ഞത്ത് എത്തി. ഇവയിൽ ഏഷ്യൻ തീരങ്ങളിൽ മുമ്പ് വന്നിട്ടില്ലാത്ത എംഎസ്‌സി ടർക്കി, എംഎസ്‌സി ഐറീന, എംഎസ്‌സി വെറോന ഉൾപ്പെടെ ലോകത്തിലെ ഏറ്റവും കൂറ്റൻ കപ്പലുകൾ അടക്കം ഉണ്ടെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. എംഎസ്‌സിയുടെ യൂറോപ്യൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജേഡ് സർവീസിലും ആഫ്രിക്കൻ സർവീസിലും വിഴിഞ്ഞം ഉൾപ്പെട്ടു. നികുതിയിനത്തിൽ 100 കോടിയോളം രൂപയും തുറമുഖത്തിൽ നിന്നും ലഭിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണം ജനുവരിയിൽ ആരംഭിക്കും. 2028ൽ നിർമാണം പൂർത്തിയാക്കുന്നതോടെ കുറഞ്ഞ സ്ഥാപിതശേഷി വർഷം 40 ലക്ഷം ടിഇയു ആയി ഉയരും.




