ചെറുപ്പക്കാർപോലും ഭാഗ്യാന്വേഷികളായി മാറുന്നു; ടി പത്മനാഭൻ
.
കോഴിക്കോട്: സമൂഹത്തിൽ ചെറുപ്പക്കാർപോലും ഭാഗ്യാന്വേഷികളായി മാറിയെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. പി കെ പോക്കറുടെ ആത്മകഥ ‘എരിക്കിൻ തീ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭയലേശമില്ലാതെ അഭിപ്രായം പറയാൻ കഴിയുന്ന ആളുകൾ കുറഞ്ഞുവരികയാണ്. ചെറുപ്പക്കാർ പോലും ഈ രീതിയിലേക്ക് മാറിയിരിക്കുന്നു. സൈദ്ധാന്തികർ പോലും പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ പൊരുത്തമില്ലാതായി. മറ്റ് പല മേഖലകളിലെന്ന പോലെ പരമകള്ളന്മാർ ഇക്കൂട്ടത്തിലുമുണ്ട്.

മനുഷ്യനാവുക എന്നതാണ് പ്രധാനം. ദാർശനികനാവുക എന്നത് രണ്ടാമത്തെ കാര്യമാണ്. അതായില്ലെങ്കിലും ഒന്നുമില്ല. മനുഷ്യനായാൽ അന്തസ്സുണ്ടാകണം. സത്യസന്ധരായ മനുഷ്യർക്കേ അതുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. പി. കെ പാറക്കടവ് പുസ്‌തകം ഏറ്റുവാങ്ങി ഡോ. എൻ എം സണ്ണി അധ്യക്ഷനായി കെ ഇ എൻ, ഡോ. ഖദീജ മുംതാസ്. നവീൻ പ്രസാദ് അലക്സ്, വിൽസൺ സാമുവേൽ, എ എസ് ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.



