പയ്യോളി നഗരസഭയിൽ കോൺഗ്രസ് – ബിജെപി കൂട്ടുകെട്ടിൻ്റെ ഓഡിയോ സന്ദേശം പുറത്ത്: വെട്ടിലായി യുഡിഎഫ്
കൊയിലാണ്ടി: പയ്യോളി നഗരസഭയിൽ കോൺഗ്രസ് – ബിജെപി കൂട്ടുകെട്ടിൻ്റെ ഓഡിയോ സന്ദേശം പുറത്ത്. 37ാം വാർഡിലെ കോൺഗ്രസ് നേതാവിൻ്റെ വാട്സ്ആപ്പ് സന്ദേശമാണ് പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വെളിപ്പെടുത്തൽ UDF നേതൃത്വത്തെ വെട്ടിലാക്കി.

പയ്യോളി നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന ആരോപണം ശരിവെക്കുന്നതാണ് പുറത്ത് വന്ന ശബ്ദ സന്ദേശം. പയ്യോളി നഗരസഭയിലെ 37ാം വാർഡിലെ കോൺഗ്രസ് നേതാവിൻ്റെതാണ് വെളിപ്പെടുത്തൽ. ബൂത്ത് കമ്മിറ്റി ഗ്രൂപ്പിൽ വന്ന ശബ്ദ സന്ദേശത്തിൽ LDF സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൽ BJP സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കാൻ മണ്ഡലം കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടതായി പ്രാദേശിക നേതാവായ രാഘവൻ പറയുന്നു.

37ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ചെറിയാവി സുരേഷ് ബാബു 25 വോട്ടിനാണ് പരാജയപ്പെട്ടത്. ബി ജെ പി സ്ഥാനാർത്ഥി വിജയിച്ചു. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. 29ാംവാർഡിൽ ലീഗ് സ്ഥാനാർത്ഥി ജയിക്കാൻ ബിജെപി തിരിച്ചും വോട്ടു മറിച്ചു 110 വോട്ടുള്ള ബി ജെ പിയ്ക്ക് ലഭിച്ചത് 37 വോട്ടുകൾ മാത്രം. UDF മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വോട്ട് മറിക്കലാണ് പുറത്ത് വന്നതെന്ന് LDF നേതൃത്വം പറഞ്ഞു.




