വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി SIR വിവരങ്ങൾ ഫോണിലേക്ക് പകർത്തി; കാസർകോട് ഉപ്പളയിൽ ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ
.
വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി എസ്ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയതായി പരാതി. കാസർകോട് ഉപ്പളയിലാണ് സംഭവം. പരാതിയെ തുടർന്ന് ബിജെപി പ്രവർത്തകനായ ഉപ്പള മണിമുണ്ട സ്വദേശി അമിതിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിഎൽഒ ആയ കണ്ണാടിപ്പാറ സ്വദേശി എ സുഭാഷിണി നൽകിയ പരാതിയിലാണ് നടപടി. അമിത് ഈ വിവരങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടതായും എഫ് ഐ ആറിൽ പറയുന്നു.

ഡാറ്റ കളക്ഷനുമായി ബന്ധപ്പെട്ട ജോലി കഴിഞ്ഞ് വരവേ വഴിയിൽ തടഞ്ഞു നിർത്തിയാണ് വിവരങ്ങൾ ഫോണിൽ പകർത്തിയത്. എസ്ഐആർ ആപ്ലിക്കേഷൻ നിർബന്ധിച്ച് തുറപ്പിച്ച ശേഷം വിവരങ്ങൾ പകർത്തുകയും വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുമായിരുന്നു. അതേസമയം, എസ്ഐആർ നടപടിക്രമങ്ങൾക്ക് സമയം നീട്ടി നൽകിയത് പര്യാപ്തമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾ അറിയിച്ചിട്ടുണ്ട്. ഡിസംബർ അവസാനം വരെയെങ്കിലും സമയപരിധി നീട്ടി നൽകണമെന്നാണ് ആവശ്യം.




