ബെൽജിയത്തെ തകർത്ത് ടീം ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് സെമിയിൽ
.
ജൂനിയർ ഹോക്കി ലോകകപ്പിൽ കരുത്തരായ ബെൽജിയത്തെ ക്വാർട്ടർ ഫൈനലിൽ തോൽപിച്ച ഇന്ത്യൻ ആൺകുട്ടികൾ സെമി ഫൈനലിൽ പ്രവേശിച്ചു. ചെന്നൈയിൽ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിലൂടെ ആണ് ഇന്ത്യ ജയിച്ചത്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ 4-3 എന്ന സ്‌കോറിൽ ആതിഥേയർ ഷൂട്ട് ഔട്ട് വിജയിച്ചു. ഗോൾ കീപ്പർ പ്രിൻസ് ദീപ് സിംഗിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് രക്ഷയായത്.

നാളെ നടക്കുന്ന സെമിഫൈനലിൽ ഇതിഹാസ താരം പി ആർ ശ്രീജേഷ് പരിശീലകനായുള്ള ഇന്ത്യൻ ടീം നിലവിലെ ചാമ്പ്യന്മാരായ ജർമനിയെ നേരിടും. ആദ്യ സെമിഫൈനൽ അതെ ദിവസം സ്പെയിനും അർജന്റീനയും തമ്മിൽ ആണ്. ആറു പൂളുകളായി 24 ടീമുകൾ അണിനിരന്ന ടൂർണമെന്റിന്റെ ഫൈനൽ പത്താം തീയതിയാണ് നടക്കുക.




