വിശ്വമാമാങ്കത്തിന് കളമൊരുങ്ങി; 2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു
2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. 48 ടീമുകളെ A മുതൽ L വരെ നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ വമ്പന്മാർക്കെല്ലാം ആദ്യ റൗണ്ടിൽ കാര്യമായ വെല്ലുവിളികളില്ല. അർജന്റീനയുടെ ജെ ഗ്രൂപ്പിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകൾ. ബ്രസീലിനും ഇംഗ്ലണ്ടിനും പക്ഷെ കാര്യങ്ങൾ എളുപ്പമാകില്ല.
ലോക ഒന്നാം നമ്പർ ടീമായ സ്പെയിന്റെ എച്ച് ഗ്രൂപ്പിൽ യുറുഗ്വെ, സൌദി അറേബ്യ, നവാഗതരായ കേപ് വെർദെ എന്നിവർ. കെ ഗ്രൂപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് നേരിടാനുള്ളത് കൊളംബിയ, ഉസ്ബക്കിസ്ഥാൻ ടീമുകളെ ഇ ഗ്രൂപ്പിൽ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുഞ്ഞൻ രാജ്യമായ ക്യൂറസാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ ടീമുകളെയാണ് ജർമനിക്ക് നേരിടാനുള്ളത്.

മുൻ ചാമ്പ്യന്മാരായ ബ്രസീലിന് പക്ഷെ തുടക്കം മുതൽ കടുപ്പം. സി ഗ്രൂപ്പിൽ കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ കാനറികൾക്ക് വെല്ലുവിളിയായുണ്ട്. കിലിയൻ എംബാപ്പെയും ഏർലിങ് ഹാലണ്ടും മുഖാമുഖമെത്തുന്ന ഫ്രാൻസ് -നോർവെ പോരാട്ടമാണ് ഗ്രൂപ്പ് ഐയെ ശ്രെദ്ധേയമാക്കുന്നത്. ഒപ്പം 2002 ലോകകപ്പിൽ ഫ്രാൻസിന് നീറുന്ന ഓർമ്മകൾ സമ്മാനിച്ച സെനഗലും ഈ ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പ് എല്ലിലെ ഇംഗ്ലണ്ട് -ക്രൊയേഷ്യ മത്സരമാണ് പ്രാഥമിക റൗണ്ടിലെ മറ്റൊരു മിന്നും പോരാട്ടം.

അമേരിക്കയിലെ വാഷിങ്ടണിലെ കെന്നഡി സെന്ററിലായിരുന്നു നറുക്കെടുപ്പ്. ചടങ്ങിൽ പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന് കൈമാറി. ജൂൺ 11നാണ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് തുടക്കമാവുക. ജൂലൈ 19നാണ് പുതിയ ലോകജേതാക്കളെ നിർണയിക്കുന്ന കലാശപ്പോരാട്ടം.




