ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാം
.
സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം വെളളം കുടിക്കണം എന്നാണല്ലേ പറയുന്നത്. എന്നാല്‍ അടുത്തിടെ ഹാര്‍വാര്‍ഡ് ഹെല്‍ത്തും എന്‍ഐഎച്ചും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ്. വെള്ളം മരുന്നിനോ ചികിത്സയ്‌ക്കോ പകരമാവില്ലെങ്കിലും ഗ്ലൂക്കോസിനെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ശരീരത്തിലെ സ്വാഭാവികമായ കഴിവിനെ സഹായിക്കാന്‍ ഇങ്ങനെ വെള്ളം കുടിക്കുന്നതിലൂടെ കഴിയും.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ദഹന വ്യവസ്ഥയെ സഹായിക്കുകയും ഭക്ഷണം കഴിക്കുന്നതിനായി ആമാശയത്തെ സജ്ജമാക്കുകയും പോഷകങ്ങള്‍ വിഘടിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ വെള്ളം കുടിക്കുമ്പോള്‍ വയറ് നിറയുന്നതായി തോന്നുകയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഭക്ഷണം കുറച്ച് കഴിക്കുമ്പോള്‍ ശരീരത്തിന് ഒരേസമയം കുറഞ്ഞ അളവില്‍ മാത്രമേ കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യേണ്ടിവരുന്നുള്ളൂ. പ്രമേഹം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാര്‍ഗ്ഗം പ്രയോജനപ്രദമാണ്. വിശപ്പിനെ നിയന്ത്രിക്കുന്നതിന് പുറമേ വെള്ളംകുടിയിലൂടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തപ്പെടുന്നതുകൊണ്ട് വൃക്കകളുടെ പ്രവര്‍ത്തനത്തെയും ഇത് സഹായിക്കുന്നു. രക്തം ഫില്‍റ്റര്‍ ചെയ്യുകയും മൂത്രത്തിലൂടെ അധിക ഗ്ലൂക്കോസ് നീക്കം ചെയ്യാനും പ്രധാനപങ്ക് വഹിക്കുന്നു. ഈ ഫില്‍ട്രേഷന്‍ പ്രക്രിയയിലൂടെ വിഷവസ്തുക്കള്‍ പുറന്തളളപ്പെടുന്നതുകൊണ്ട് ഇലക്ട്രോലൈറ്റുകളും സന്തുലിതമാകുന്നു.

വെളളം ഒരു ഔഷധമായി പ്രവര്‍ത്തിക്കുന്നില്ല എങ്കിലും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ശരീരത്തിന്റെ സ്വാഭാവികമായ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ് എന്നിവയുള്ള വ്യക്തികള്‍ക്ക് ഈ മാര്‍ഗ്ഗം വളരെ സഹായകമാണ്. ഭക്ഷണത്തിന് മുന്‍പോ ഭക്ഷണത്തിനിടയിലോ വെള്ളം കുടിക്കുന്നത് ആമാശത്തിലെ ആസിഡിനെ നേര്‍പ്പിക്കുകയും ദഹനം മന്ദഗതിയിലാക്കുമെന്നും പറയുന്നതില്‍ വാസ്തവമുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടോ?
പക്ഷേ വെള്ളം ഭക്ഷണത്തെ വിഘടിപ്പിക്കാനും ദഹനനാളത്തിലൂടെ എളുപ്പത്തില്‍ നീങ്ങാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നിരുന്നാലും ആസിഡ് റിഫ്‌ളക്‌സ് (GERD), ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഭക്ഷണ സമയത്ത് വെള്ളം കുടുക്കുന്നത് അസ്വസ്ഥതയുണ്ടാക്കിയേക്കാം. എന്നാലും ആരോഗ്യമുള്ള മിക്ക മുതിര്‍ന്നവര്‍ക്കും ഇത് സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ്.



