സജിത വധക്കേസിൽ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും

.
പാലക്കാട്: നെന്മാറ പോത്തുണ്ടി തിരുത്തൻപാടം സജിത (35) വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ അയൽവാസി ചെന്താമരയുടെ (ചെന്താമരാക്ഷൻ) ശിക്ഷാവിധി വ്യാഴാഴ്‌ച പ്രഖ്യാപിക്കും. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി കെന്നത്ത് ജോർജ് ആണ് വിധി പ്രഖ്യാപിക്കുക. അതിക്രമിച്ച് കടക്കൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളിൽ ചെന്താമര കുറ്റക്കാരനാണെന്ന് ചൊവ്വാഴ്‌ച കോടതി വിധിച്ചിരുന്നു.

2019 ആഗസ്‌ത് 31ന് സജിതയെ അയൽവാസി ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണമായത് സജിതയാണെന്ന് സംശയിച്ചാണ് കൊലപാതകം. മൂന്നുമാസത്തിനകം അന്വേഷക സംഘം കുറ്റപത്രം സമർപ്പിച്ചു. ഇൗ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചെന്താമര, 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), സുധാകരന്റെ അമ്മ ലക്ഷ്‌മി (75) എന്നിവരെ വെട്ടിക്കൊന്നു. ഇൗ കേസിൽ അറസ്റ്റിലായ ഇയാൾ റിമാൻഡിലാണ്.

