KOYILANDY DIARY.COM

The Perfect News Portal

അഗർബത്തിയുടെ പുക സിഗരറ്റിനേക്കാൾ ദോഷം ചെയ്യും? ഡോക്ടർ പറയുന്നത് ഇങ്ങനെ

മിക്ക വീടുകളിലും ചന്ദനത്തിരി അല്ലെങ്കിൽ അഗർബത്തി കത്തിക്കാറുണ്ട്. പ്രാർത്ഥനയ്ക്കോ ധ്യാനത്തിനോ അല്ലെങ്കിൽ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനോ വേണ്ടിയിട്ടോ അല്ലെങ്കിൽ നല്ലൊരു സുഗന്ധത്തിനോ ആവും പലരും ഇത് കത്തിക്കുന്നത്. എന്നാൽ ഇതിന്റെ പുക നല്ലതാണോ ? അല്ലെന്ന് ആണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.

പോസിറ്റീവ് വൈബ് കിട്ടാനാണ് പലരും ചന്ദനത്തിരി കത്തിക്കുന്നത് എങ്കിലും അതിന്‍റെ ഫലം അത്ര പോസിറ്റീവായിരിക്കില്ല എന്നാണ് പൾമണനോളജിസ്റ്റ് ഡോക്ടർ സോണിയ ഗോയൽ പറയുന്നത്. ശ്വാസകോശ രോഗ വിദഗ്ധയായ ഗോയൽ ശ്വാസ കോശാരോഗ്യത്തിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് വിശദമാക്കുന്ന വിഡിയോയിലാണ് സുഗന്ധ ധൂപങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പരാമർശിക്കുന്നത്.

 

അഗർബത്തികൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാക്കും. സിഗരറ്റു പോലെ തന്നെ അപകടകാരിയാണ് അഗർബത്തികളിലെ പുകയും. ഒരു സിഗരറ്റ് പൂർണമായും കത്തുന്നതിന് സമാനമാണ് ഒരു അഗർബത്തിയിലെ പുകയും എന്ന് ഡോക്ടർ പറയുന്നു. അഗർബത്തികളിലെ പുക ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയും ആണ്. പ്രത്യേകിച്ച് ആസ്തമയോ ദുർബല ശ്വാസകോശമോ ഉള്ളവർക്ക് ആയിരിക്കും ഇത് വിനയാവുക.

Advertisements

 

അഗർബത്തിയുടെ പുക വല്ലപ്പോഴും ശ്വസിക്കുന്നത് പോലും അലർജി, ചുമ, ശ്വാസകോശ അസുഖങ്ങൾക്ക് കാരണമാകും. അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗർബത്തിയുടെ പുക ശ്വസിക്കുന്നത് ദീർഘകാല ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങി ചിലപ്പോൾ ശ്വാസകോശ കാൻസറിന് തന്നെ കാരണമാകും.

 

എന്നാൽ ഇത് പൂർണമായും ജീവിതത്തിൽ നിന്നും ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറയുന്നില്ല. പക്ഷെ നല്ലപോലെ വായു സഞ്ചാരം ഉള്ള മുറികളിൽ ഫാൻ ഓണാക്കി ജനാലകൾ തുറന്നിട്ട ശേഷം അഗർബത്തി കത്തിക്കുന്നതാണ് നല്ലത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇവയുടെ ഉപയോഗം എങ്കിൽ അവിടെ ഇലക്ട്രിക് ദിയകളും, വിളക്കെണ്ണകളും ഒക്കെ ഉപയോഗിക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു. ശ്വാസകോശ ആരോഗ്യത്തിന് അഗർബത്തി പോലുള്ളവയുടെ ഉപയോഗം കുറക്കണമെന്നും ഡോക്ടർ സോണിയ ഗോയൽ പറയുന്നു.

Share news