ജിഷാ വധകേസില്‍ രഹസ്യവിചാരണയ്ക്ക് കോടതി തീരുമാനം

കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷാ വധകേസില്‍ രഹസ്യവിചാരണ നടത്താന്‍ കോടതി തീരുമാനം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. ഇന്ന് കേസ് വിചാരണക്കെടുത്തപ്പോള്‍ രഹസ്യ വിചാരണയല്ലേ ഉചിതമെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന് നിലപാട് അനുകൂലമായിരുന്നു. എന്നാല്‍ പ്രതിഭാഗം എതിര്‍ത്തു.തുടര്‍ന്ന് ഇരയുടേയും സാക്ഷികളുടേയും സ്വകാര്യത സംരക്ഷിക്കുന്നതിനായി രഹസ്യവിചാരണ നടത്താന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കേസില്‍ 195 സാക്ഷികളാണുള്ളത്.
ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെയാണ് ഇന്നു വിസ്തരിക്കുന്നത്. രണ്ടാം സാക്ഷിയായ ജിഷയുടെ അമ്മ രാജേശ്വരിയെ നാളെ വിസ്തരിക്കും. ഏപ്രില്‍ അഞ്ച് വരെയുള്ള ഒന്നാം ഘട്ടവിചാരണയില്‍ 21 സാക്ഷികളെയാണ് വിസ്തരിക്കുക. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ ഏപ്രില്‍ 28 ന് വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. അസം സ്വദേശി അമീറുള്‍ ഇസ്ലാമാണ് കേസിലെ പ്രതി.

2016 ഏപ്രില്‍ 28 ന് രാത്രി ഏട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയെ കണ്ടെത്താന്‍ പോലീസിന് ദീര്‍ഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു. മുഴുവന്‍ നാട്ടുകാരുടെയും വിരലടയാളം അടക്കമുള്ളവ ശേഖരിച്ചുവെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് ആദ്യം കഴിഞ്ഞില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തിലുളള പുതിയ അന്വേഷണ സംഘം വന്നതോടുകൂടിയാണ് കേസന്വേഷണം വഴിത്തിരിവിലായതും പ്രതികളെ പിടികൂടാൻ സഹായിച്ചതും.

അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 14 ന് അസം സ്വദേശി അമീറുള്‍ ഇസ് ലാമിനെ കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് പോലീസ് പിടികൂടി. ഡി.എന്‍.എ ഫലം വന്നതോടെ അമീറുള്‍ തന്നെയാണ് കേസിലെ പ്രതിയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.

പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ ചുമത്തിയിട്ടുള്ളതിനാലാണ് കേസിന്റെ വിചാരണ കുറുപ്പംപടി കോടതിയില്‍നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
