KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന ധനമന്ത്രി

സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുന്ന വിധമുള്ള കേന്ദ്ര നടപടികളില്‍ അനുകൂലമായ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടിന്റെ പേരില്‍ കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറച്ച 3323 കോടി രൂപ, മുന്‍വര്‍ഷമെടുത്ത അധികവായ്പകള്‍ ഈ വര്‍ഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോള്‍ കുറവുചെയ്ത 1877 കോടി രൂപ എന്നിവ അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടു.

ഐ.ജി.എസ്.ടി ബാലന്‍സില്‍ ഉണ്ടായ കുറവ് നികത്തുന്നതിനായി മുന്‍കൂട്ടി അനുവദിച്ച തുകയുടെ ക്രമീകരണമായി 965.16 കോടി രൂപ കേന്ദ്രം കുറവുവരുത്തിയിരുന്നു. ഇതു ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ദേശീയ പാതയുടെ നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുന്ന ചെലവില്‍ 25 ശതമാനം സംസ്ഥാന സര്‍ക്കാരാണ് മുടക്കിയിട്ടുള്ളത്. കേന്ദ്രത്തില്‍ നിന്ന് കടമെടുത്തായിരുന്നു സര്‍ക്കാര്‍ ഇതിനുള്ള തുക ചെലവിട്ടത്. ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് കുറവ് വരുത്തിയ നടപടി പുനഃപരിശോധിക്കണം. നിലവിലെ കടമെടുപ്പ് പരിധിക്ക് പുറമെ മറ്റു വ്യവസ്ഥകള്‍ കൂടാതെ നടപ്പുസാമ്പത്തിക വര്‍ഷം 6000 കോടി രൂപ അധികം കടമെടുക്കാന്‍ അനുവദിക്കണമെന്നും ധനമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

Share news