ചിന്നക്കനാൽ ഭൂമി കയ്യേറ്റ കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചു

ചിന്നക്കനാൽ ഭൂമി കയ്യേറ്റ കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചു. റിസോർട്ട് കച്ചവടത്തിലെ പണമിടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് കേസ്. കോൺഗ്രസ് എംഎൽഎ ആയ മാത്യു കുഴൽനാടനെ ഇ ഡി ഉടൻ ചോദ്യം ചെയ്യും. ഇടുക്കി ചിന്നക്കനാലിലെ വിവാദ റിസോർട്ട് കച്ചവടമാണ് മാത്യു കുഴൽ നാടന് കുരുക്കായത്. നേരത്തെ വിജിലൻസ് അന്വേഷിച്ച് മാത്യു കുഴൽ നാടൻ ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

50 സെന്‍റ് സർക്കാർ ഭൂമി കയ്യേറിയതാണ് വിജിലൻസ് അന്വേഷിച്ചതെങ്കിൽ അതിലെ പണമിടപാടാണ് ഇ ഡി അന്വേഷിക്കുന്നത്. കച്ചവടത്തിൽ കള്ളപ്പണ ഇടപാട് നടന്നു എന്ന നിഗമനത്തിലാണ് ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്. ഭൂമിയുടെ മുൻ ഉടമകളായ വനിതയടക്കം 3 പേരെ ഇ ഡി ഇതിനകം ചോദ്യം ചെയ്തു.

അടുത്ത ഘട്ടമായാണ് കോൺഗ്രസ് എം എൽ എ യായ മാത്യു കുഴൽ നാടനെ ചോദ്യം ചെയ്യുക. കുഴൽനാടന് ഇ ഡി ഉടൻ നോട്ടീസ് നൽകും. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ കുഴൽ നാടൻ ഉൾപ്പെടെ 21 പേർ പ്രതികളായിരുന്നു. വിശ്വാസ വഞ്ചന, അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ തുടങ്ങിയവയാണ് മാത്യു കുഴൽനാടനെതിരെ വിജിലൻസ് ചുമത്തിയിരുന്നത്.

മുൻ ഉടമകളെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ഇ ഡി ക്ക് ലഭിച്ചിരുന്നു. ആധാരത്തിൽ തുക കുറച്ച് കാണിച്ചതടക്കമുള്ള ക്രമക്കേടുകളാണ് ഇ ഡി പരിശോധിക്കുന്നത്. അധികമായി കൈമാറിയ തുകയുടെ ഉറവിടം ഭൂമി വാങ്ങിയ കുഴൽ നാടൻ ഉൾപ്പെടെയുള്ളവർ ഇ ഡി ക്ക് മുന്നിൽ ബോധ്യപ്പെടുത്തേണ്ടി വരും. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇ ഡി പരിശോധിക്കുന്നത്.

