KOYILANDY DIARY.COM

The Perfect News Portal

വിഎസിന്റെ അവസാനയാത്രക്ക് കൂട്ടായി നടന്നുനീങ്ങുന്നത് ആയിരങ്ങൾ

അനന്തപുരിയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസിന്റെ അവസാനയാത്രക്ക് കൂട്ടായി നടന്നുനീങ്ങുന്നത് ആയിരങ്ങൾ. ജനസാഗരത്തിന്റെ നടുവിലൂടെ ജനകീയ നേതാവിന്റെ യാത്ര തുടരുമ്പോൾ ഇനി ഒരു മടങ്ങിവരവില്ലെന്ന സത്യം എല്ലാവർക്കും അറിയാം. വിലാപയാത്ര തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും വലിയ ദൂരം താണ്ടാൻ ആയിട്ടില്ല. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞിരിക്കുന്ന ജനങ്ങൾക്കു നടുവിലൂടെ വളരെ പതിയെയാണ് വിലാപയാത്ര കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വി എസിനെ കാണാനും പ്രസംഗങ്ങൾ കേൾക്കാനുമായി എത്തുന്നവരുടെ തിരക്കിൽപ്പെട്ട് പലപ്പോഴും വേദിയിലേക്ക് കയറാൻ വിഎസ് വൈകുന്നത് പോലെയാണ് അദ്ദേഹത്തിന്റെ മടക്കയാത്രയിലേക്കും തിരക്ക്.

സെക്രട്ടറിയറ്റ് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്ന വി എസിനെ ഒരു നോക്കുകാണാൻ ജനപ്രവാഹമാണ് കാത്തുനിന്നത്. രാവിലെ 9 മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോ​ഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ വി എസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ പ്രത്യേക ബസിലാണ് വി എസിന്റെ മൃതദേഹം ആലപ്പുഴയിലെത്തിക്കുന്നത്.

Advertisements

രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധൻ രാവിലെ 9 മണിവരെ സ്വവസതിയിലും 10 മണിയോടെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്‌ക്കും. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ചടങ്ങുകളോടെ സംസ്കാരം.

Share news