ചരിത്ര പുരുഷനെ ഒരുനോക്കു കാണാൻ ആയിരങ്ങൾ ദർബാർ ഹാളിലേക്ക്

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതദേഹം വീട്ടിൽ നിന്നും പൊതുദർശനത്തിനായി ദർബാർ ഹാളിൽ എത്തിച്ചു. രണ്ട് മണിവരെയാണ് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാവുക. ദർബാർ ഹാളിൽ പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന മന്ത്രിമാർ തുടങ്ങി നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു. ചരിത്ര പുരുഷനെ ഒരുനോക്കുകാണാൻ ആയിരങ്ങളാണ് ദർബാർ ഹാളിലേക്ക് ഒഴുകിയെത്തുന്നത്.

ദർബാർ ഹാളിലെ പൊതു ദർശനത്തിന് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്ത് നിന്ന് എൻ എച്ച് വഴിയാണ് വിലാപയാത്ര കടന്ന് പോവുക. ബുധൻ രാവിലെ ഒമ്പതിന് സി പി ഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്ക്കും. 10ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. നാളെ പകൽ മൂന്നിന് ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം. തുടർന്ന് സർവകക്ഷി അനുശോചനയോഗം നടക്കും. ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം.

