90 ഡിഗ്രി പാലത്തിന് പിന്നാലെ മധ്യപ്രദേശില്‍ Z ഷെയ്പ്പിൽ മേല്‍പാലം; ‘ഇവിടുത്തെ പി ഡബ്ല്യു ഡി വകുപ്പ് ചര്‍ച്ചയാകുകയാണ്

മധ്യപ്രദേശ്: ഭോപ്പാലില്‍ ഐഷ്ബാഗിലെ വിവാദമായ 90 ഡിഗ്രി പാലത്തിന് പിന്നാലെ, ഇന്‍ഡോറില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ആണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചര്‍ച്ച. പോളോ ഗ്രൗണ്ടിന് സമീപം പൊതുമരാമത്ത് വകുപ്പ് Z ആകൃതിയിലുള്ള പാലം നിര്‍മിക്കുന്നതാണ് ചർച്ചയായത്. രണ്ട് പോയിന്റുകളിലായി 90 ഡിഗ്രി വളവുകള്‍ ഇതിനുമുണ്ട്.

ഭഗീരത്പുര, എംആർ-4 വഴി ലക്ഷ്മിഭായ് നഗറിനെ പോളോ ഗ്രൗണ്ടുമായി ബന്ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തതാണ് ഈ മേൽപാലം. ലക്ഷ്മിഭായ് നഗറില്‍ നിന്ന് 90 ഡിഗ്രി വളവും എം ആർ-4 ലേക്ക് മറ്റൊരു കൊടും തിരിവും ഇതിലുണ്ട്. പാലം ഗതാഗതത്തിനായി തുറന്നാല്‍ ഈ വളവുകള്‍ അപകട കേന്ദ്രങ്ങളായി മാറും.

ഈ 90 ഡിഗ്രി വളവുകളിലൂടെ പൂര്‍ണ ലോഡുള്ള വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ളതും അപകടകരവുമാണെന്ന് ട്രക്ക് ഡ്രൈവർമാർ പറയുന്നു. ജൂണില്‍ നടന്ന സര്‍ക്കാര്‍ യോഗത്തില്‍ പാലത്തിന്റെ മാപ് അവലോകനം ചെയ്ത ഇന്‍ഡോര്‍ എം പി ശങ്കര്‍ ലാല്‍വാനി ഡിസൈന്‍ മാറ്റാന്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്ക് കത്തെഴുതിയിരുന്നു.

