KOYILANDY DIARY.COM

The Perfect News Portal

വന്‍ഹായ് കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നു; കൂടുതല്‍ ദൂരത്തേക്ക് മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു

തീപിടിച്ച വന്‍ഹായ് 503 കപ്പല്‍ നിലവില്‍ കേരള തീരത്ത് നിന്ന് കൊച്ചി തീരത്തിന് പടിഞ്ഞാറായി 73 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് സംസ്ഥാന ദുരന്തര നിവാരണ അതോറിറ്റി അറിയിച്ചു. കപ്പൽ കൂടുതല്‍ ദൂരത്തേക്ക് മാറ്റുന്ന പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്നു. കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. കപ്പലിലെ വോയേജ് ഡാറ്റാ റിക്കോര്‍ഡര്‍ വീണ്ടെടുത്തു.

കപ്പലില്‍ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകളില്‍ നിന്നുള്ളതാണെന്ന് സംശയിക്കുന്ന നാല് ബാരലുകള്‍ കരയ്ക്കടിഞ്ഞു. കൊല്ലം (ആലപ്പാട്, ഇരവിപുരം) രണ്ടും കാസർഗോഡ് (കുമ്പള കോയിപ്പാടി), ആലപ്പുഴ (കാട്ടൂര്‍ ചെറിയ പൊഴി) എന്നിവിടങ്ങളിൽ ഒന്ന് വീതവും ബാരലുകളാണ് കരയ്ക്കടിഞ്ഞത്. കപ്പലിന്റെ ഭാഗമായ സേഫ്റ്റി ബോട്ട് ആലപ്പുഴയിൽ ജൂൺ 15ാം തീയതി കരയ്ക്കടിഞ്ഞിരുന്നു.

 

മെയ് മാസം മുങ്ങിയ എം എസ് സി എൽസ മൂന്നിൽ നിന്ന് 66 കണ്ടെയ്‌നറുകളാണ് തീരത്ത് അടിഞ്ഞത്. തിരുവനന്തപുരം- 14, കൊല്ലം- 50, ആലപ്പുഴ- 2 എന്നിങ്ങനെയാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. വിഴിഞ്ഞം- കോവളം ഭാഗങ്ങളില്‍ നിന്ന് 21 ബാരലുകളും കണ്ടെത്തിയിരുന്നു.

Advertisements
Share news