പള്‍സര്‍ സുനിയും സംഘവും നടിയെ പിന്തുടരുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയും സംഘവും നടിയെ പിന്തുടരുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നടിയെ പിന്തുടര്‍ന്നുവെന്ന് പറഞ്ഞ അത്താണി മുതല്‍ വാഴക്കാല വരെയുള്ള പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ദേശീയ പാതയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നടി സഞ്ചരിച്ച എസ്.യു. വി വാഹനത്തെ പള്‍സര്‍ സുനിയുടെ വാഹനം പിന്തുടരുന്ന ദൃശ്യങ്ങളുണ്ട്. നഗരത്തിനുള്ളിലെ സി.സി.ടി.വി ദൃശ്യത്തില്‍ പ്രതികള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വെള്ളം വാങ്ങുന്നതായിട്ടുണ്ട്.
ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്ക് എറിഞ്ഞെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ഇത് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പ്രദേശത്തെ ഫ്ളാറ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പള്‍സര്‍ സുനി പാലത്തില്‍ നില്ക്കുന്നതോ, ഫോണ്‍ എറിയുന്നതോ ആയ ദൃശ്യം കിട്ടിയാല്‍ കേസിന് പിന്‍ബലമാവും. സാഹചര്യത്തെളിവുകളുടെയും കുറ്റസമ്മത മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം.

മൊബൈല്‍ കണ്ടെത്തിയില്ലെങ്കില്‍ ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെങ്കിലും മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിക്കും. അതേസമയം, ഗൂഢാലോചനയുണ്ടെന്ന് തുടക്കം മുതല്‍ സംശയിക്കപ്പെട്ട കേസില്‍ അന്വേഷണം പള്‍സര്‍ സുനിയില്‍ ഒതുങ്ങുന്നതായും ആരോപണമുണ്ട്. ഗൂഢാലോചനയുടെ ഉള്ളറകളിലേക്ക് പൊലീസ് കടക്കുന്നതായി സൂചനയില്ല. അങ്ങനെയുണ്ടെങ്കില്‍ അത് സിനിമാ മേഖലയുമായി ബന്ധപ്പെട്ടുള്ളവരായിരിക്കുമെന്ന് നേരത്തേതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, സിനിമാ മേഖലയിലെ ആരും ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തില്‍ ഇല്ല.

