KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി

കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്. ദർശനത്തിനെത്തി ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ അഭിജിത്തിനെ നേരത്തെ കാണാതായിരുന്നു.

ഉത്സവത്തിന് എത്തുന്ന ഭക്തർ കുളിച്ച് ഈറനോടെയാവണം ക്ഷേത്രത്തിലെത്താൻ. ഇത്തരത്തിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ക്ഷേത്രത്തിന് സമീപമായി തന്നെ ഭക്തർക്ക് കുളിക്കാനായി ഒരു ചിറ കെട്ടിയിരുന്നു. ആ ചിറ ഇന്നലെയാണ് തകർന്നത്. ഇതോടെ പുഴയിലേക്ക് വലിയ രീതിയിൽ കുത്തൊഴുക്ക് രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുഴയിലേക്ക് ഒഴുക്ക് കൂടിയത്. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്തു.

 

അതേസമയം, കൊട്ടിയൂർ ഉത്സവത്തിൽ സുരക്ഷാ വീഴ്ചകൾ ആവർത്തിക്കുകയാണ്. വൻ ഗതാഗത തടസത്തിന് പുറമെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും പാളിച്ചകൾ ഉണ്ടായി. ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പൊലീസും, ദേവസ്വവും ഒരു ക്രമീകരണങ്ങളും ഒരുക്കിയില്ലെന്നാണ് ആക്ഷേപം. കൊട്ടിയൂർ ഉത്സവത്തെ തുടർന്നുള്ള ഗതാഗത കുരുക്കിൽ കുടുങ്ങി ഒരു മണിക്കൂറിലേറെയാണ് രോഗിയുമായി പോകേണ്ടിയിരുന്ന ആംബുലൻസ് വൈകിയത്. ഇതേതുടർന്ന് കടുത്ത പനി ബാധിച്ച മൂന്ന് വയസുകാരൻ പ്രജുൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. സാധാരണ നിലയിൽ 10 മിനുട്ട് കൊണ്ട് എത്തേണ്ട സ്ഥലത്ത് ആംബുലൻസ് എത്തിയത് 55 മിനുട്ട് കഴിഞ്ഞായിരുന്നു. പാൽ ചുരത്തിലെ ഗതാഗത കുരുക്ക് കാരണം ആശുപത്രിയിൽ എത്താനും വൈകി.

Advertisements
Share news