ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘം ഇന്നുമുതൽ അന്വേഷണം തുടങ്ങും. വീട്ടിൽ നിന്ന് കിട്ടിയ വിരലയാളത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

അടിമാലി വിവേകാനന്ദ നഗർ സ്വദേശിനി കളരിക്കൽ ഉഷാ സന്തോഷിന്റെ പണമാണ് തട്ടിയെടുത്തത്. ക്യാൻസർ രോഗബാധിതയായ ഉഷ കീമോ ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടിലെത്തിയ മോഷ്ടാവ് ഉഷയെ കട്ടിലിൽ കെട്ടിയിട്ട ശേഷം വായിൽ തുണി തിരികി പേഴ്സിൽ ഉണ്ടായിരുന്ന 16500 രൂപ കവർന്നത്. സമീപവാസികൾ എത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ ഉഷയെ കണ്ടെത്തിയത്. ഉടൻ അടിമാലി പൊലീസിൽ അറിയിക്കുകയായിരുന്നു.

ആറു വർഷത്തോളമായി ക്യാൻസർ രോഗബാധയെ തുടർന്ന് ഉഷ ചികിത്സയിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് അടിമാലിയിലെ സുമനസ്സുകൾ ചേർന്നാണ് ചികിത്സയ്ക്ക് ആവശ്യമായ തുക പിരിച്ചു നൽകിയത്. ചികിത്സയ്ക്ക് ആവശ്യമായ ആ തുകയാണ് മോഷ്ടിക്കപ്പെട്ടത്.

