കോഴിക്കോട് റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി

കോഴിക്കോട് പുതുപ്പാടിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് (32) ആണ് പിടിയിലായത്. നൂറാംതോട് സ്വദേശിയുടെ ബൊലേറോയാണ് ഇയാൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കൊടുവള്ളിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടി കൂടിയത്.

ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കൈതപ്പൊയിലിൽ റോഡരികിൽ നിർത്തിയിട്ട വാഹനം പ്രതി മോഷ്ടിച്ച് കടക്കുകയായിരുന്നു. വാഹനം കടത്തുന്നതിനിടയിൽ നിരവധി വാഹനങ്ങളെയും ഇടിച്ചു. കൊടുവളളി നരിക്കുനി റോഡിൽ നിന്ന് കയറിയ കാറിൽ ഇടിച്ചത്തിനെതുടർന്ന് കൊടുവളളി പൊലീസ് എത്തി ഇയാളെ പിടികൂടി. തുടർന്ന് താമരശേരി പൊലീസിൽ ഏൽപ്പിച്ചു.

കൊടുവള്ളി സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ ഗൗതം ഹരി, അഡിഷണൽ എസ്ഐ ബേബി മാത്യു, എഎസ്ഐ വി എസ് ശ്രീജേഷ്, സിവിൽ പൊലീസ് ഓഫീസർ റിജോ മാത്യു, ഹോം ഗാർഡ് രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘവും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

