ഇന്ന് ലോക സൈക്കിൾ ദിനം

ഇന്ന് ലോക സൈക്കിള്‍ദിനം. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പതിവ് വ്യായാമമെന്ന നിലയിൽ സൈക്ലിംഗ് ചെയ്യുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ലോകത്തെ ഏറ്റവും ലളിതവും ആരോഗ്യകരവുമായ യാത്രമാര്‍ഗങ്ങളില്‍ ഒന്നായ സൈക്കിളിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ലോകത്ത് ഏറ്റവും ലളിതമായ യാത്രാമാര്‍ഗങ്ങളില്‍ ഒന്നാണ് സൈക്കിള്‍. ചെലവുകുറഞ്ഞതും അപകട സാധ്യത കുറഞ്ഞതുമായ സൈക്കിള്‍ സവാരി ഏത് പ്രായക്കാര്‍ക്കും എളുപ്പം പഠിക്കാന്‍ കഴിയും.

കാര്‍ബണ്‍ ബഹിഷ്‌കരണം ഇല്ലാത്ത, അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത ഏക ഇരുചക്രവാഹനം എന്ന നിലയിലും സൈക്കിളിന്റെ പ്രസക്തി ഏറുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരമായും നഗരങ്ങളില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാന മാര്‍ഗങ്ങളില്‍ ഒന്നായും സൈക്കിളിന് പ്രാധാന്യമുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ആദ്യമായി സൈക്കിള്‍ നിര്‍മിച്ചത്. മരം കൊണ്ടുള്ള പെഡലോ ചെയിനോ ഗിയറോ ഇല്ലാത്ത സൈക്കിളിന് രൂപം നല്‍കിയത് ബാരണ്‍ കാള്‍ വോണ്‍ഡ്രെയിസാണ്.

കാലം മാറുന്തോറും പല മോഡലുകളില്‍ സൈക്കിളുകള്‍ നിരത്തിലിറങ്ങി. സാങ്കേതികവിദ്യയുടെ പുരോഗതിയും സാമ്പത്തിക വ്യവസ്ഥയിലുണ്ടായ വികസനവും സൈക്കിളില്‍ നിന്ന് മുന്തിയ ഇനം വാഹനങ്ങളിലേക്ക് മാറാന്‍ സാധാരണക്കാര്‍ക്കുപോലും സൌകര്യം ഒരുക്കി. എന്നാല്‍ വ്യായാമത്തിനും ആരോഗ്യപരിപാലനത്തിനുമായി ദിവസവും സൈക്കിള്‍ ചവിട്ടുന്നവരുണ്ട്. മെട്രോനഗരങ്ങളില്‍ സൈക്കിള്‍ യാത്രക്കായി പ്രത്യേകം പാതകളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

