കൊയിലാണ്ടിയിൽ പ്രവേശനോത്സവത്തിൻ്റെ നിറംകെടുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്.

കൊയിലാണ്ടി: പ്രവേശനോത്സവത്തിൻ്റെ നിറംകെടുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്. ദേശീയപാതയിൽ അരങ്ങാടത്ത് മരം പൊട്ടി വീണ് ഗതാഗതം മുടങ്ങിയതോടെ സ്കൂൾ തുറക്കുന്ന ദിവസംതന്നെ വിദ്യാർത്ഥികളും അധ്യാപകരും വഴിയിൽ കുടുങ്ങിയത്. പല വിദ്യാർത്ഥികളും വീടുകളിലേക്ക് തിരിച്ചുപോയി. സ്കൂൾ തുറക്കുന്ന ദിവസം വിദ്യാലയങ്ങളിൽ പ്രവേശനോത്സവം നടക്കാനിരിക്കെയാണ് കൊയിലാണ്ടി അരങ്ങാടത്ത് ദേശീയപാതയ്ക്ക് കുറുകെയായി വൻ മരം കടപുഴകി വീണത്. രാവിലെ 7.30നാണ് മരം വീണ് ഗതാഗതം മുടങ്ങിയത്. 3 മണിക്കൂർ പിന്നിട്ട് 10.30 ആയിട്ടും മരം മുറിച്ച് തീർന്നെങ്കിലും ഗതാഗതകുരുക്ക് രൂക്ഷമാണ്. വിവിധ സർക്കാർ ഓഫീസിലേക്കുള്ള ജീവനക്കാരും, പൊതുജനങ്ങളും, ആശുപത്രിയിലേക്കുള്ള രോഗികളുമായി പോകുന്നവരും പെട്ടിരിക്കുകയാണ്.

പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂൾ, കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ, പൊയിൽക്കാവ്, തിരുവങ്ങൂർ, കോതമംഗലം ജിഎൽപി സ്കൂൾ തുടങ്ങി കൊയിലാണ്ടി മേഖലയിലുള്ള നിരവധി സ്കൂളുകളിലേക്ക് പോകേണ്ട നൂറുകളക്കിന് വിദ്യാർത്ഥികളും അധ്യാപകരുമാണ് പെരുവഴിയിലായത്. സ്കൂൾ തുറക്കുന്ന ദിവസമായതോടെ പുതുതായി ചേർന്ന വിദ്യാർത്ഥകളുമായി രക്ഷിതാക്കളും സ്കൂളിലേക്ക് പുറപ്പെട്ടിരുന്നു.

പലരും ഇപ്പോഴും വഴിയിലാണുള്ളത് മറ്റു ചിലർ കുട്ടികളുമായി വീട്ടിലേക്ക് തിരികെ പോയിരിക്കുകയാണ്. മഴ മാറിയതോടെ പ്രവേശനോത്സവം പൊടിപൊടിക്കാനും പുതിയ കുട്ടികളെ പരിചയപ്പെടാനും മധുരം നുകരാനുമായുള്ള യാത്ര പെരുവഴിയിലായതോടെ പ്രവേശനോത്സവത്തിൻ്റെ നിറവും മങ്ങിയിരിക്കുകയാണ്. എങ്കിലും എത്തിച്ചേർന്നവരുമായി ആഘോഷം നടക്കുന്നുണ്ട്.

കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുത്താമ്പി റോഡിലൂടെ അണ്ടർപ്പാസ് വഴിയാണ് പോകുന്നത്. തിരിച്ച് കോഴിക്കോട് ഭാഗത്ത് നിന്ന് വടകരയിലേക്ക് പോകേണ്ട വാഹനങ്ങൾ ചെങ്ങോട്ടുകാവിൽ നിന്ന് ബൈപ്പാസിലൂടെ വന്ന് കൊയിലാണ്ടിയിൽ പ്രവേശിച്ചാണ് യാത്ര ചെയ്യുന്നത് എന്നാൽ ബൈപ്പാസിലെ സർവ്വീസ് റോഡിലും വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിട്ടുള്ളത്. മുത്താമ്പി റോഡിലെ അണ്ടർപ്പാസ് മണിക്കൂറുകളായി വാഹനം കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ എല്ലാ വഴിയും അടഞ്ഞ് പൊതുജനവും വെട്ടിലായിരിക്കുകയാണ്.

