പോക്സോ കേസ് പ്രതിക്ക് 167 വർഷം കഠിന തടവ്

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 167 വർഷം കഠിന തടവും 5,50,000 രൂപ പിഴയും ശിക്ഷ. ചെങ്കള പാണലത്തെ ഉക്കം പെട്ടി ഉസ്മാനെയാണ് (63) കാസർകോട് അതിവേഗ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം. അഞ്ചുവർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പലഹാരങ്ങൾ വാങ്ങിനൽകാമെന്ന് പ്രലോഭിപ്പിച്ച് പ്രതി പെൺകുട്ടിയെ തന്റെ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. അന്നത്തെ കാസർകോട് വനിതാ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന സി ഭാനുമതിയാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

മറ്റൊരു കേസിൽ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി അഞ്ചുവർഷം തടവും 15000 രൂപ പിഴയും വിധിച്ചു. ആവി കണ്ടംകടവിലെ ഹൈദരലിക്കാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒമ്പതുമാസം അധികതടവ് അനുഭവിക്കണം. 2023 ഡിസംബറിൽ കാഞ്ഞങ്ങാട്ടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

