രണ്ടാം എല്‍ഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷിക ദിനത്തിൽ മധുരം പങ്കിട്ട് മുഖ്യമന്ത്രി

രണ്ടാം എല്‍ഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷിക ദിനത്തിൽ മധുരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാർ വാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചത്. ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്കും മുഖ്യമന്ത്രി മധുരം നൽകി.

രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റത്തിന്റെ നാലാം വാർഷിക ദിനം ലളിതമായി ആഘോഷിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 എയിറോ ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കേക്കുമുറിച്ചു.

മന്ത്രിമാരായ പി രാജീവ്, കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, കെ ബി ഗണേഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മന്ത്രിമാർക്ക് മുഖ്യമന്ത്രി മധുരം നൽകി. ചടങ്ങിൽ പങ്കെടുത്ത സിയാൽ ഉദ്യോഗസ്ഥർക്കും, ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്കും മുഖ്യമന്ത്രി കേക്ക് നൽകി. മാധ്യമപ്രവർത്തകരെ ഓരോരുത്തരെയായി അടുത്തു വിളിച്ച് മുഖ്യമന്ത്രി തന്നെ കേക്ക് മുറിച്ചു നൽകുകയായിരുന്നു. സമാനതകളില്ലാത്ത വികസനം നടപ്പാക്കിയ സർക്കാരിൻ്റെ വാർഷിക ദിനം ചടങ്ങുകളിലെ ലാളിത്യം കൊണ്ടും ശ്രദ്ധേയമായി. പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് കോഴിക്കോട് കാണാം എന്ന് മുഖ്യമന്ത്രി അറിയിച്ചു. പതിവ് മന്ത്രിസഭായോഗവും ഇന്ന് കൊച്ചിയിൽ നടന്നു.

