KOYILANDY DIARY.COM

The Perfect News Portal

‘വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ, വേട്ടയാടാൻ സമ്മതിക്കില്ല’; എം.വി ഗോവിന്ദൻ

കണ്ണൂർ: റാപ്പർ വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനാണെന്നും വേടനെ ആർഎസ്എസ് വേട്ടയാടുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജാതിക്കെതിരായ പ്രവർത്തനമാണ് വേടൻ്റേതെന്നും അദ്ദേഹം പറഞ്ഞു. ‘കഞ്ചാവ് പിടിച്ച സംഭവത്തിൽ വേടൻ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്, അത് അവിടെ തീരണ്ടതാണ്. വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ടാകുന്നു.

വേടനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തപ്പോൾ പാർടി വേടനൊപ്പം നിന്നു. വേടൻ്റേത് കലാഭാസമാണെന്നാണ് കേസരിയുടെ മുഖ്യപത്രാധിപർ എൻ ആർ മധു പറഞ്ഞത്. റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർഎസ്എസ് പറയുന്നു. ആർഎസ്എസിന് എന്ത് കല ?, വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ട്’- എം വി ​ഗോവിന്ദൻ പറഞ്ഞു.

മലയാളം റാപ്പ്‌ ഗായകൻ ഹിരൺദാസ്‌ മുരളി എന്ന വേടനെതിരായ വിദ്വേഷപ്രസംഗത്തിൽ ആർഎസ്‌എസ്‌ വാരിക ‘കേസരി’യുടെ മുഖ്യപത്രാധിപർ എൻ ആർ മധുവിനെതിരെ പൊലീസ്‌ കേസെടുത്തിരുന്നു. കലാപത്തിന്‌ ആഹ്വാനം ചെയ്‌തതിന്‌ ഭാരതീയ ന്യായസംഹിത 192 വകുപ്പ്‌ പ്രകാരമാണ് കേസെടുത്തത്‌. സിപിഐ എം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിൽ കിഴക്കേ കല്ലട പൊലീസാണ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്‌.

Advertisements

പുതിയിടം ക്ഷേത്ര പുനഃപ്രതിഷ്‌ഠാ ചടങ്ങിൽ കഴിഞ്ഞ പതിനൊന്നിനായിരുന്നു എൻ ആർ മധുവിന്റെ വിദ്വേഷ പ്രസംഗം. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്നും വേടന്‌ പിന്നിൽ രാജ്യത്തെ വിഘടനവാദികളാണെന്നുമാണ്‌ പ്രസംഗത്തിൽ പറഞ്ഞത്‌. അറേബ്യൻ ഫുഡിന്റെ രൂക്ഷഗന്ധം വമിക്കുന്ന തെരുവോരങ്ങൾ കേരളത്തിന്റെ നിലവിലുള്ള കാഴ്‌ചയാണെന്നും ഷവർമ കഴിച്ച്‌ മരിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും എൻ ആർ മധു പറഞ്ഞു.

വർഗീയവിഷം വമിപ്പിക്കുന്ന വാക്കുകൾക്കെതിരെ വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധമാണ്‌ ഉയർന്നത്‌. മധുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാകമ്മിറ്റി കൊല്ലം റൂറൽ എസ്‌പിക്ക്‌ പരാതി നൽകിയിരുന്നു.

 

 

Share news